ഹുർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട സൗദി എണ്ണക്കപ്പലിലെ ജീവനക്കാരും ചരക്കും സുരക്ഷിതം

റിയാദ്: ഹുർമുസ് കടലിടുക്കിൽ വെച്ച് ആക്രമിക്കപ്പെട്ട സൗദി അറേബ്യയുടെ എണ്ണക്കപ്പലിലെ ജീവനക്കാരും ചരക്കുകളും പൂർണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരണം. സൗദി ദേശീയ ഷിപ്പിങ് കമ്പനിയായ ‘അൽബഹ്‍രി’യുടെ ഉടമസ്ഥതയിലുള്ള ‘വാദ്യാൻ’ എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെയാണ് കഴിഞ്ഞ ജൂലൈ ഏഴിന് ആക്രമണമുണ്ടായത്. എന്നാൽ കപ്പലിലെ ജീവനക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും ചരക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ കപ്പൽ തുടർയാത്രയ്ക്ക് യോഗ്യമാണെന്നും അൽബഹ്‍രി വ്യക്തമാക്കിയിട്ടുണ്ട്.

അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കമ്പനി അന്താരാഷ്​ട്ര-പ്രാദേശിക സുരക്ഷാ അധികാരികളെ വിവരമറിയിക്കുകയും വിവിധ ഏജൻസികളുമായി ചേർന്ന് തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്തു. നിലവിൽ കപ്പലിലെ ജീവനക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയ്ക്കും സമുദ്ര പരിസ്ഥിതി സംരക്ഷണത്തിനുമാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.

അതേസമയം, ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകവെ സൗദിയുടെ ‘വാദ്യാൻ’, ഖത്തറി​െൻറ ‘അൽ റകിയാത്ത്’ എന്നീ കപ്പലുകൾക്ക് നേരെ ഇറാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്​ട്ര സംഘടനകളും ശക്തമായ ഭാഷയിൽ അപലപിച്ചു. ആഗോള ഊർജ്ജ വിതരണത്തി​െൻറ സുരക്ഷയ്ക്കും അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തി​െൻറ സമാധാനത്തിനും നേരെ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ആഗോള സമൂഹം വ്യക്തമാക്കി.

Tags:    
News Summary - The crew and cargo of the Saudi oil tanker that was attacked in the Strait of Hormuz are safe.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.