‘സദായ’ പ്രസിഡൻറ് അബ്ദുല്ല അൽ ഗാംദിയും യുനെസ്കോ ഡയറക്ടർ ജനറൽ ഖാലിദ് എൽ എനാനിയും ജനീവയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) രംഗത്ത് സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും യുനെസ്‌കോയും തമ്മിൽ ഉന്നതതല കൂടിക്കാഴ്ച നടത്തി. ജനീവയിലെ ‘എ.ഐ ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടി’യോടനുബന്ധിച്ചായിരുന്നു ചർച്ച. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദായ) പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ ഗാംദിയും യുനെസ്കോ ഡയറക്ടർ ജനറൽ ഖാലിദ് എൽ എനാനിയുമായായിരുന്നു കൂടിക്കാഴ്ച.
എ.ഐ മേഖലയിലെ തന്ത്രപരമായ പുരോഗതി അവലോകനം ചെയ്ത യോഗത്തിൽ, ഈ സാങ്കേതികവിദ്യയുടെ സുരക്ഷിതമായ ഉപയോഗത്തിന് ആഗോളതലത്തിൽ ധാർമ്മിക നയങ്ങൾ രൂപവത്കരിക്കുന്നതും അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതും ചർച്ചയായി. യുനെസ്കോയുടെ അന്താരാഷ്ട്ര ശ്രമങ്ങളെ പ്രശംസിച്ച സൗദി പ്രതിനിധി, യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ സൗദി വഹിക്കുന്ന പങ്കും എടുത്തുപറഞ്ഞു.
റിയാദിൽ ‘ഇൻറർനാഷനൽ സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റിസർച്ച് ആൻഡ് എത്തിക്സ്’ സ്ഥാപിക്കാനുള്ള സൗദിയുടെ ശ്രമങ്ങളും അന്താരാഷ്ട്ര എ.ഐ തത്വങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റാൻ ‘സദായ’ നടത്തുന്ന പ്രവർത്തനങ്ങളും ഡോ. അബ്ദുല്ല അൽ ഗാംദി വിശദീകരിച്ചു. എ.ഐ സാങ്കേതികവിദ്യയുടെ ധാർമിക വളർച്ചയ്ക്കും ആഗോള പങ്കാളിത്തത്തിനും ഈ കൂടിക്കാഴ്ച വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.