റിയാദ്/ന്യൂഡൽഹി: പ്രവാസികളുടെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള വിവിധ കോൺസുലർ സേവനങ്ങളുടെ ഫീസ് കേന്ദ്ര സർക്കാർ വൻതോതിൽ വർധിപ്പിച്ചതിനെതിരെ പ്രവാസി ലീഗൽ സെൽ നിയമപോരാട്ടത്തിനൊരുങ്ങുന്നു. 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന നിരക്ക് വർധന അടിയന്തരമായി പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടന കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്ക് വിശദമായ നിവേദനം സമർപ്പിച്ചു.
നിശ്ചിത സമയപരിധിക്കുള്ളിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പ്രവാസി ലീഗൽ സെൽ കേരള ഘടകത്തിെൻറ തീരുമാനം. സാധാരണ പാസ്‌പോർട്ട്, തത്‌കാൽ, മൈനർ പാസ്‌പോർട്ടുകൾ, പുതുക്കൽ, പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാന സേവനങ്ങൾക്കും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരിൽനിന്ന് വൻ തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. ഇന്ത്യയിലെ അപേക്ഷകരെ അപേക്ഷിച്ച് ഏകദേശം 330 ശതമാനം മുതൽ 359 ശതമാനം വരെ അധിക ഫീസാണ് യാതൊരു ന്യായീകരണവുമില്ലാതെ പ്രവാസികളിൽ നിന്ന് ഈടാക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാണിക്കുന്നു.
ഈ നിരക്ക് വർധന ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ബ്ലൂ-കോളർ പ്രവാസി തൊഴിലാളികൾക്ക് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. രാജ്യത്തേക്ക് വലിയ തോതിൽ വിദേശനാണ്യം അയച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന ഇവർക്ക് പാസ്‌പോർട്ട് എന്നത് ഒരു ആഡംബര രേഖയല്ല, മറിച്ച് വിദേശത്തെ തൊഴിലിനും താമസത്തിനും അത്യന്താപേക്ഷിതമായ കൺസുലർ രേഖയാണ്. അതുകൊണ്ടുതന്നെ ഇത് ഇവരുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കും.
പുതുക്കിയ ഉയർന്ന ഫീസിന് പുറമെ, സ്വകാര്യ ഏജൻസികളുടെ സർവീസ് ചാർജ്, കൊറിയർ നിരക്കുകൾ, യാത്രാച്ചെലവ്, വേതന നഷ്ടം എന്നിവയും പ്രവാസികൾക്ക് അധിക ബാധ്യതയാകുന്നുണ്ട്. എന്നാൽ ഈ ഫീസ് വർധനവിന് അടിസ്ഥാനമായ പഠനറിപ്പോർട്ടുകളോ സാമ്പത്തിക വിശകലനങ്ങളോ കേന്ദ്ര സർക്കാർ ലഭ്യമാക്കിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ, വിവേചനപരമായ ഈ ഫീസ് ഘടന പുനഃപരിശോധിക്കുക, ഗൾഫ് തൊഴിലാളികൾക്ക് ഇളവുകളോടെയുള്ള ഫീസ് ഏർപ്പെടുത്തുക, സ്വകാര്യ ഏജൻസികളുടെ ചാർജുകൾ നിയന്ത്രിക്കുക, പുതിയ ഫീസ് ഘടനയുടെ പഠന റിപ്പോർട്ട് പൊതുസമക്ഷം പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.