മദീന: മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലും ഒരു മാസത്തിനിടയിൽ എത്തിയ സന്ദർശകരുടെ എണ്ണം 6.8 കോടി കവിഞ്ഞതായി റിപ്പോർട്ട്. ഇരു ഹറം സംരക്ഷണത്തിനായുള്ള ജനറൽ അതോറിറ്റി ജമാദുൽ ആഖിർ മാസത്തിലെ സ്ഥിതി വിവരക്കണക്കിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇരു ഹറമുകളിലുമായി ആകെ 6.87 കോടി തീർത്ഥാടകരെ സ്വീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി. മുൻ മാസത്തെ അപേക്ഷിച്ച് 21 ലക്ഷം സന്ദർശകരുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെ കണക്കനുസരിച്ച്, മക്ക മസ്ജിദുൽ ഹറാമിൽ ഏകദേശം മൂന്ന് കോടിയോളം വിശ്വാസികളെ സ്വാഗതം ചെയ്തു. ഒരു മാസക്കാലത്തിനിടയിൽ ഉംറ നിർവ്വഹിച്ചവരുടെ എണ്ണം 1.19 കോടി ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം മദീനയിലെ പ്രവാചക പള്ളിയിലെത്തിയ വിശ്വാസികളുടെ എണ്ണം 2.31 കോടി ആണെന്നും ഇതിൽ 'റൗദ ശരീഫ്' സന്ദർശിച്ചവർ 13 ലക്ഷം പേരാണെന്നും അധികൃതർ വെളിപ്പെടുത്തി. 23 ലക്ഷം സന്ദർശകർ മുഹമ്മദ് നബിയുടെയും ഖലീഫമാരായ അബൂബക്കർ, ഉമർ എന്നിവരുടെ ഖബറിടങ്ങളും സന്ദർശിച്ചതായി അതോറിറ്റിചൂണ്ടിക്കാട്ടി. ഇരു ഹറം പള്ളികളിലെത്തുന്ന സന്ദർശകരെ നിരീക്ഷിക്കാൻ പ്രധാന കവാടങ്ങളിൽ നൂതന സെൻസർ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇതുവഴി തീർഥാടകരുടെ സാന്നിധ്യവും ഉംറ ചെയ്യുന്നവരുടെ എണ്ണവും വിലയിരുത്താൻ കഴിയും. സാങ്കേതിക തികവുള്ള ഡാറ്റാധിഷ്ഠിത സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളും ഇരു ഹറമുകളിലും പ്രാവർത്തികമാക്കുന്നതിനാൽ വിശ്വാസികൾക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും കൂടുതൽ ഒരുക്കാനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും കഴിയുന്നുവെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഇരു ഹറമുകളിലെത്തുന്ന വിശ്വാസി ലക്ഷങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും വിവിധ സേവന ഏജൻസികളുമായി സഹകരിച്ച് തീർഥാടക സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഇരുഹറം കാര്യാലയം ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
ഹജ്ജ്, ഉംറ, സന്ദർശന സംവിധാനം വികസിപ്പിക്കുന്നതിനും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഉംറ തീർത്ഥാടകരുടെ എണ്ണത്തിലെ ഈ വർധനവ്. ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്ക് രണ്ട് വിശുദ്ധ പള്ളികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിലൂടെയും തീർത്ഥാടകർ അവരുടെ യാത്ര ആസൂത്രണം ചെയ്യുന്ന നിമിഷം മുതൽ രാജ്യത്ത് നിന്ന് പുറപ്പെടുന്നതുവരെ അവരുടെ സുഖ സൗകര്യങ്ങൾക്കും സുരക്ഷക്കും മുൻഗണന നൽകുന്ന സമഗ്രമായ ആത്മീയ അനുഭവം നൽകുന്നതിനും ബഹുമുഖ പദ്ധതികൾ നടപ്പിലാക്കിയതും ഏറെ ഫലപ്രദമായതായി വിലയിരുത്തുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.