ജിദ്ദ: ഗൾഫ് നാടുകളിൽ വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയമം പിൻവലിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പുതിയ നിയമ ഫലമായി മൃതദേഹം നാട്ടിലെത്താൻ ദിവസങ്ങൾ നീളുന്ന സാഹചര്യമാണുള്ളത്. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായിരുന്നു പുതിയ ഉത്തരവ്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽനിന്നും മൃതദേഹം നാട്ടിലേക്കു കയറ്റി അയക്കാൻ സാധിക്കൂ.
പുതിയ നിയമമനുസരിച്ച് മൃതദേഹം നാട്ടിലയക്കേണ്ട വിമാനത്താവളത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് മുൻകൂട്ടി അപേക്ഷിക്കേണ്ടത്. ഈ അപേക്ഷ അംഗീകരിച്ച് അതിനുള്ള അനുമതി ഗൾഫിലെ വിമാനത്താവളത്തിൽ ലഭ്യമായ ശേഷമേ മൃതദേഹം നാട്ടിലയിക്കാൻ സാധിക്കൂ. ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ല.
നിലവിൽ സൗദിയിൽ നിന്നുൾപ്പെടെ മൃതദേഹം നാട്ടിലയക്കുന്നതിന് നീണ്ട നടപടിക്രമങ്ങളാണ് ആവശ്യമായിട്ടുള്ളത്. അതിനോടൊപ്പം കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം കൂടി പാലിക്കേണ്ടിവരുമ്പോൾ ഗൾഫിൽ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്.
അതിനാൽ, പുതിയ നിയമം പുനഃപരിശോധിക്കുന്നതിന് കേന്ദ്രം തയാറാവണമെന്നും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പ്രവാസികളോട് നീതികാണിക്കണമെന്നും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, സി.കെ.എ. റസാക്ക് മാസ്റ്റർ, എ.കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്റഫ് താഴെക്കോട്, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി എന്നിവർ സംസാരിച്ചു. വി.പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.