റിയാദ്: സൗദിയിൽ സിനിമ ടിക്കറ്റ് വിൽപനയിൽ വൻ റെക്കോഡ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യത്തുടനീളമുള്ള തീയറ്ററുകളിൽ വിറ്റത് മൂന്ന് ലക്ഷത്തിലേറെ ടിക്കറ്റുകൾ. അതിൽനിന്നുണ്ടായ വരുമാനം ഒന്നര കോടി റിയാലാണ്. 45 സിനിമകൾക്ക് വേണ്ടിയാണ് ഇത്രയും ടിക്കറ്റ് വിറ്റുപോയത്. മേയ് 11 മുതൽ 17 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നത്. 300, 900 ടിക്കറ്റുകൾ എന്നതാണ് കൃത്യമായ കണക്ക്. ഈജിപ്ഷ്യൻ സിനിമ ‘സികോ സികോ’യാണ് ബോക്സ് ഓഫിസിൽ മുന്നിൽ. ഒരാഴ്ചക്കിടയിൽ നേടിയത് മൂന്ന് ലക്ഷം റിയാലാണ്. അമേരിക്കൻ സിനിമ ‘ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡിനസ്’ ആണ് രണ്ടാം സ്ഥാനത്ത്. ഒരാഴ്ചക്കിടയിൽ 2.4 ലക്ഷം റിയാൽ സൗദി ബോക്സിൽനിന്ന് വാരി. സൗദി സിനിമകളായ ‘ഇസാഫ്’ 1.8 ലക്ഷം റിയാലും ‘ഫഖ്ർ അൽ സുവൈദി’ 1.6 ലക്ഷം റിയാലുമായി യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. അമേരിക്കൻ സിനിമയായ ‘തണ്ടർബോൾട്ട്സ്’ 1.6 ലക്ഷം റിയാൽ വരുമാനവുമായി അഞ്ചാംസ്ഥാനത്തും.
‘സിന്നേഴ്സ്’ എന്ന അമേരിക്കൻ സിനിമ ആറാം സ്ഥാനത്തുമായാണ്, 91,770 റിയാലാണ് നേടിയത്. മറ്റ് അമേരിക്കൻ സിനിമകളായ ‘ദ അകൗണ്ടൻറ് 2’ (76,380 റിയാൽ), ‘അൺറ്റിൽ ഡൗൺ’ (74,600 റിയാൽ) എന്നിവയും സൗദി സിനിമ ‘ശബാബ് അൽ ബോംബ് 2’ഉം (53,690 റിയാൽ) ഒമ്പത് വരെയുള്ള സ്ഥാനങ്ങളിലാണ്. 44,700 റിയാലുമായി 10ാം സ്ഥാനത്ത് ‘എ മൈൻക്രാഫ്റ്റ്’ എന്ന അമേരിക്കൻ സിനിമ. മലയാളമടക്കം ലോകത്തെ വിവിധ കോണുകളിൽനിന്ന് നൂറിലേറെ ഭാഷകളിലുള്ള ധാരാളം സിനിമകൾ സൗദിയിലെത്തുന്നുണ്ടെങ്കിലും ബോക്സ് ഓഫിസിൽ ആധിപത്യം പുലർത്തുന്നത് അമേരിക്കൻ സിനിമകൾക്കാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം അറബ് സിനിമകൾ വലിയ ചലനമുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് ഈജിപ്ഷ്യൻ, സൗദി സിനിമകൾ. നീണ്ടകാലത്തെ നിരോധനത്തിന് ശേഷം സൗദി അറേബ്യയിൽ സിനിമ തിരിച്ചെത്തി അധികമായിട്ടില്ലെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ ആഭ്യന്തര ചലച്ചിത്ര വ്യവസായം വലിയ കുതിപ്പാണ് നടത്തുന്നത്. കരുത്തുറ്റതായി മാറുകയാണ് സൗദി സിനിമ. ഇതിന്റെ പ്രകടമായ തെളിവാണ് ബോക്സ് ഓഫിസ് കീഴടക്കിയ ആദ്യ 10ൽ നിരവധി സൗദി സിനിമകൾ ഇടംപിടിച്ചത്. മലയാളം സിനിമകളും വലിയ ഹിറ്റടിക്കുന്നുണ്ട്. അടുത്തിടെ മോഹൻലാൽ സിനിമകൾ സൗദിയിൽ വലിയ ചലനമുണ്ടാക്കി.
എംപുരാൻ, തുടരും സിനിമകൾ ഏതാണ്ട് നാല് ആഴ്ചവരെ തിയേറ്ററുകൾ നിറഞ്ഞോടി. റിയാദിൽ തന്നെ നിരവധി തീയേറ്ററുകളിലാണ് ഈ സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവീനോ തോമസ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ സിനിമകളും അത്യാവശ്യം നല്ലനിലയിൽ സൗദിയിൽ പ്രേക്ഷകരെ ആകർഷിക്കാറുണ്ട്.
ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നല്ലൊരു ശതമാനം മലയാളി പ്രേക്ഷകർ തീയേറ്ററിലെത്തുന്നില്ല എന്ന വസ്തുത കാണാതിരുന്നുകൂടാ. ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 50ഉം 60ഉം റിയാൽ ഒരു സിനിമക്കുവേണ്ടി മുടക്കുന്നത് ഭാരിച്ച ചെലവാണെന്ന് അവർ കരുതുന്നു. സ്വതവേ സിനിമാപ്രിയരായ മലയാളികളെ മടുപ്പിപ്പിക്കുന്നത് പ്രധാനമായും ഈ സാമ്പത്തിക വശമാണ്. എന്നിട്ടും സിനിമകൾ ഒന്നിലേറെ ആഴ്ചകൾ ഓടുന്നുണ്ടെങ്കിൽ അത് വലിയ വിജയമായാണ് കാണേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.