ദമ്മാം: വലിയ തോതിൽ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം ദമ്മാം വിമാനത്താവളത്തിൽ മലയാളികൾ പിടിയിലായ സംഭവം പ്രവാസലോകത്തെ ഞെട്ടിച്ചു. ഉംറ വിസ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മയക്കുമരുന്ന് സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നത് സൗദിയധികൃതരും ഗൗരവത്തിലെടുക്കുന്നു. ദമ്മാം എയർപ്പോർട്ടിൽ ഹഷീഷുമായെത്തിയ കോഴിക്കോട് സ്വദേശി ദുരുപയോഗിച്ചത് ഉംറ വിസയാണ്. യുവാവും ഇയാളെ വരവേൽക്കാനെത്തിയ മറ്റു നാല് മലയാളികളും പിടിയിലായത് പ്രവാസി മലയാളി സമൂഹത്തിലാകെ ആശങ്ക പരത്തിയിട്ടുമുണ്ട്.
മുമ്പ് മയക്കുമരുന്ന് കടത്തിന് നിരവധി മലയാളികൾ പിടിയിലായിരുന്നു. വധശിക്ഷക്കും ദീർഘകാല തടവിനുമൊക്കെ പ്രതികൾ വിധിക്കപ്പെടുകയും ചെയ്തിരുന്നു. അതിനുശേഷം മയക്കുമരുന്ന് കടത്തിൽ മലയാളികളുടെ പങ്ക് ഏറെ കുറഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് അതിന് മാറ്റം വന്നിരിക്കുന്നു. മയക്കുമരുന്ന് കടത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് സൗദി അധികൃതർ മുന്നോട്ടു പോകുമ്പോൾ പിടിയിലാകുന്നവരിൽ എണ്ണം കുറവാണെങ്കിലും മലയാളി സാന്നിദ്ധ്യമുണ്ടാകുന്നുണ്ട്. ഒറ്റ കേസിൽ അഞ്ചുപേരൊക്കെ പിടിയിലായത് ഞെട്ടിക്കുന്ന വാർത്തയാണെന്നും പുതുതലമുറ അത്യന്തം അപകടം പിടിച്ച വഴിയിലൂടെയാണെങ്കിലും പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നീങ്ങുന്നതാണ് ഇതിനൊക്കെ കാരണമെന്നും പ്രവാസി സാമൂഹികപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
മുമ്പ് സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവട സംഘങ്ങൾ പ്രവർത്തിക്കുന്നത് മനസിലാക്കി ‘ഗൾഫ് മാധ്യമം’ പലതവണ വാർത്തകൾ നൽകിയിരുന്നു. അന്ന് വിദ്യാർഥികളായിരിക്കെ ആ സംഘത്തിലൊക്കെ പെട്ടുപോയവരാണ് ഇന്ന് മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ തലപ്പുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകൾ ചുണ്ടിക്കാട്ടു ന്നു. സമീപകാലത്ത് സൗദി നാർകോട്ടിങ് കൺട്രോൾ വിഭാഗവും കസ്റ്റംസും മറ്റ് സുരക്ഷാവിഭാഗങ്ങളും ചേർന്ന് നടത്തുന്ന റെയ്ഡുകളിൽ നിരവധി പേർ പിടിയിലാകുന്നുണ്ട്. ചെറുപ്പക്കാരാണ് ഇങ്ങനെ അറസ്റ്റിലാകുന്നതെല്ലാം. മലയാളികളിൽ കൂടുതലും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരാണ്.
ശക്തമായ പരിശോധനക്കിടയിൽ രോഗത്തിനുള്ള മരുന്നുമായി വരുന്നവർ പോലും പിടിയിലാകുന്ന അവസ്ഥയുണ്ട്. ഇവർ പിന്നീട് മോചിപ്പിക്കപ്പെടുമെങ്കിലും ഇതേൽപ്പിക്കുന്ന ആഘാതം ചെറുതല്ല. കഴിഞ്ഞ ദിവസം ഉംറ വിസയിൽ തായ്ലാൻഡ് വഴി ദമ്മാമിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിൽനിന്നാണ് മൂന്ന് കിലോ ഹഷീഷ് പിടികൂടിയത്. ഇമിഗ്രേഷൻ, ലഗേജ് ചെക്കിങ് നടപടികളെല്ലാം പൂർത്തിയാക്കി പുറത്തിറങ്ങിയ യുവാവിനെ നർക്കോട്ടിക് കൺട്രോൾ വിഭാഗം പിന്തുടർന്ന് നിരീക്ഷിച്ച് വഴിമധ്യേ പിടികൂടുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയവരും അക്കൂട്ടത്തിൽ പിടിയിലായി.
ദമ്മാമിലുള്ള ഒരാൾക്ക് നാട്ടിൽനിന്ന് അയാളുടെ ആളുകൾ തന്നുവിട്ട പൊതിയാണെന്നാണ് പിടിയിലായ യുവാവ് പറയുന്നത്. എന്നാൽ ഇത് സ്വീകരിക്കേണ്ട ആളിനെ ഉൾപ്പടെ പിടികൂടാൻ സുരക്ഷാസേനയുടെ തന്ത്രപരായ നീക്കത്തിന് സാധിച്ചു. ഇതിൽ രണ്ട് പേർ ഇതുമായ ബന്ധപ്പെട്ട വസ്തുകൾ ഒന്നുമറിയാത്തവരാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അന്വേഷണം പർത്തിയാകാതെ ഇവരുടെ മോചനം സാധ്യമാകില്ല. ഉംറ വിസയിലാണ് ഇയാൾ എത്തിയതെന്നത് സുരക്ഷാവകുപ്പ് പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്. പിടിയിലായവരെ ദമ്മാം ജയിലിലാണ് അടച്ചിട്ടുള്ളത്.
ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോട് അനുഭാവം പുലർത്താറുള്ള സൗദി അധികൃതരുടെ മുന്നിൽ ഇത്തരം നടപടികൾ പ്രവാസി സമൂഹത്തിന് ഉണ്ടാക്കുന്ന പരിക്ക് ചില്ലറയാവില്ല. അത്രയും ജാഗ്രതയോടെ സംഘടനകളും രക്ഷിതാക്കളുടെ സമൂഹവും രംഗത്ത് ഇറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തടവിലാകുന്നവർക്ക് പിന്നിൽ ഗൂഢ സംഘങ്ങൾ ഉണ്ട്. ഇവരെ കണ്ടെത്തുകയാണ് ഇതിെൻറ വേരറുക്കാൻ ഏറ്റവും അത്യാവശ്യമെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.