വിശുദ്ധ കഅബയെ പുതിയ കിസ്‌വ അണിയിച്ചു

മക്ക: പുതിയ ഹിജ്റ വർഷാരംഭ പുലരിയിൽ വിശുദ്ധ കഅബയെ പുതിയ കിസ്‌വ (പുതപ്പ്) അണിയിച്ചു. മുഹറം ഒന്ന് (ചൊവ്വാഴ്​ച) പുലർച്ചെയായിരുന്നു ലോക മുസ്‌ലിംകളുടെ ‘ഖിബ്​ല’ (ദിശാകേന്ദ്ര)മായ കഅബ പുതിയ വസ്ത്രം ധരിച്ചത്. ഇരുഹറം പരിപാലന അതോറിറ്റി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, കിങ് അബ്​ദുൽ അസീസ് കിസ്‌വ ഫാക്ടറിയിലെ വിദഗ്ധരും പരിശീലനം ലഭിച്ചവരുമായ ഒരു സംഘം ജീവനക്കാരാണ് ഈ പുണ്യകർമം നിർവഹിച്ചത്.

മക്കയിലെ കിസ്​വ നിർമാണശാലയിൽനിന്ന്​ പണിപൂർത്തിയായ കിസ്​വ പ്രത്യേകമായി തയ്യാറാക്കിയ ട്രെയിലറുകളിലാണ് മസ്ജിദുൽ ഹറാമിൽ എത്തിച്ചത്. തിങ്കളാഴ്​ച അർദ്ധരാത്രി പിന്നിടും മുമ്പ്​ തന്നെ കിസ്​വ ഹറമിലെത്തിച്ചിരുന്നു. ശേഷം പുതുവർഷം പിറന്നതോടെയാണ്​ പുലർച്ചെ ഒന്നോടെ കഅബയെ കിസ്​വ അണിയിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്​.

 

പൂർണമായും സ്വദേശികളായ 150 സൗദി കരകൗശല വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഏറ്റവും മേത്തരം പട്ടുനൂലുകൾ ഉപയോഗിച്ചാണ് ഈ പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വർണം പൂശിയ വെള്ളി നൂലുകൾ ഉപയോഗിച്ച് തുന്നിയെടുത്ത 30 ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതി​െൻറ രൂപകൽപ്പന. ആഡംബര കറുത്ത പട്ടുനൂലുകൾ കൊണ്ട് നിർമിച്ച 47 കഷ്ണങ്ങൾ കൂട്ടിച്ചേർത്താണ് കഅബയെ പൊതിയുന്ന ഈ വസ്ത്രം ഒരുക്കിയത്.

 

ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇതി​െൻറ നിർണാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 400 കിലോഗ്രാം അസംസ്‌കൃത കോട്ടൺ, 60 കിലോഗ്രാം ശുദ്ധമായ വെള്ളി, 120 കിലോഗ്രാം തങ്കം (സ്വർണം) എന്നിവ ഇതിനായി വിനിയോഗിച്ചു. 11 മാസത്തെ കഠിനമായ അധ്വാനത്തിനൊടുവിലാണ് ഈ കിസ്‌വ പൂർത്തിയായത്. ഇതി​െൻറ ആകെ ഭാരം 1,410 കിലോഗ്രാം വരും.

 

നിർമാണ പ്രക്രിയയിൽ അതീവ സൂക്ഷ്മതയാർന്ന ഏഴ് പ്രധാന ഘട്ടങ്ങളാണ് ഉൾപ്പെടുന്നത്. ജലശുദ്ധീകരണം, പട്ട് കഴുകി വൃത്തിയാക്കൽ, തുടർന്ന് നെയ്ത്ത്, പ്രിൻറിങ്, എംബ്രോയിഡറി, അസംബ്ലി, ഒടുവിൽ ഗുണനിലവാര പരിശോധന എന്നിവയിലൂടെയാണ് കിസ്‌വ കടന്നുപോകുന്നത്. ഇസ്‌ലാമിക കരകൗശല വൈദഗ്ധ്യത്തി​െൻറ പാരമ്പര്യത്തെയും ആധികാരികതയെയും ആധുനിക സാങ്കേതികവിദ്യകളുമായി സമന്വയിപ്പിക്കുന്ന ഒരു സംയോജിത സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

 

ലോകത്തിലെ ഏറ്റവും മഹത്തായ ഇസ്‌ലാമിക മാസ്​റ്റർപീസുകളിലൊന്ന് നിർമിക്കുന്നതിൽ സൗദി സ്വദേശികൾ കൈവരിച്ച മികവും വൈദഗ്ധ്യവും വിളിച്ചോതുന്നതാണ് ഈ സൃഷ്​ടി. ഒപ്പം ഇരുഹറമുകളോടുള്ള സൗദി ഭരണകൂടത്തി​െൻറ അഗാധമായ കരുതലും ശ്രദ്ധയും ഭക്തിയും ഇതിലൂടെ ഒരിക്കൽക്കൂടി പ്രതിഫലിക്കുന്നു.

Tags:    
News Summary - The Holy Kaaba was adorned with a new Kiswa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.