ശിൽപ നൈസിൽ
ദമ്മാം: നടന വഴികളിൽ പുതുപാതകളൊരുക്കി ദമ്മാമിലെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനർത്തകിയായി ശ്രദ്ധ നേടുകയാണ് ശിൽപ നൈസിൽ എന്ന ശിൽപ ടീച്ചർ. ആവർത്തനങ്ങൾ കണ്ടുമറന്നവർക്ക് മുന്നിൽ നടന മുദ്രകളെ പുതിയ ആസ്വാദ ചേരുവകളിൽ സന്നിവേശിപ്പിച്ച് ലാസ്യലയ ഭംഗികളിൽ അണിയിച്ചൊരുക്കി ശിൽപയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പരിപാടികൾക്ക് ആസ്വാദകർ ഏറെയാണ്.
കരുനാഗപ്പള്ളി തഴവ സ്വദേശിയും പ്രവാസിയുമായ രാജേന്ദ്രന്റെയും സംഗീത അധ്യാപിക തങ്കമ്മ ടീച്ചറുടെയും മകളായ ശിൽപ സൗദിയിൽ എത്തിയ ശേഷമാണ് ഏറ്റവും നൃത്താധ്യാപികയായി മാറിയത്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ചെറുചുവടുകൾ വെച്ചുതുടങ്ങിയ ശിൽപക്ക് പക്ഷേ, ഇപ്പോൾ നൃത്തം ജീവവായുവാണ്. ഹെൽത്ത് ഇൻസ്പക്ടറാവാൻ പഠിച്ച ശിൽപ കരുനാഗപ്പളളി നൈസിലിനെ വിവാഹം കഴിച്ച് ദമ്മാമിൽ എത്തിയതോടെയാണ് വീണ്ടും നൃത്തത്തിലേക്ക് തിരിഞ്ഞത്. ഇപ്പോൾ നിരവധി വിദ്യാർഥികളുള്ള വരലക്ഷ്മി നൃത്തവിദ്യാലയം നടത്തുകയാണ് ശിൽപ. കഴിഞ്ഞ 11 വർഷം തനിക്ക് ലഭിച്ച നൂറുക്കണക്കിന് വേദികളിൽ പുതിയ നൃത്ത രൂപങ്ങൾ അവതരിപ്പിച്ച് ശിൽപയും വിദ്യാർഥികളും കൈയടി നേടുകയായിരുന്നു. കേവലം സിനിമാപാട്ടുകൾക്ക് ചുവടുവെക്കുന്നതിന് പകരം കാവ്യാത്മകമായി നൃത്തത്തെ പ്രേക്ഷക ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുക എന്ന ശ്രമമാണ് അതിൽ നിർവഹിക്കുന്നതെന്ന് ശിൽപ ടീച്ചർ പറഞ്ഞു.
മഴ, നിലാവ്, കാറ്റ്, കാട് എന്നിവയൊക്കെ അടിസ്ഥാനമാക്കി ശിൽപയൊരുക്കിയ നൃത്തരൂപങ്ങൾക്ക് വലിയ അംഗീകാരമാണ് പ്രേക്ഷകർ നൽകിയത്. ഭൂതപ്പാട്ട് നൃത്തരൂപത്തിൽ വേദിയിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. സുഗതകുമാരിയുടെ ‘ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി’ എന്ന പരിസ്ഥിതി കവിതയുടെ നൃത്തരൂപം കാഴ്ചയുടെ വേറിട്ട അനുഭവമായിരുന്നു. ഏഴാച്ചേരി രാമചന്ദ്രന്റെ തൂലികയിൽ പിറന്ന് വേണുഗോപാൽ ആലപിച്ച ‘ചന്ദന മണിവാതിൽ പാതി ചാരി.. ഹിന്ദോളം കണ്ണിൽ തിരയിളക്കി’ എന്ന ഗാനം ശിൽപ തന്നെ വേദിയിൽ അവതരിപ്പിച്ചതിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മൂന്നര വയസ്സിലാണ് നൃത്തം പഠിച്ചുതുടങ്ങിയത്. സ്കുൾ, കോളജ് കാലഘട്ടങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. അമ്മയായിരുന്നു എല്ലാത്തിനും പിന്തുണയുമായി ഒപ്പംനിന്നത്. നൃത്തമത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഭീമമായ ചെലവ് താങ്ങാനാവാതെ അന്നൊക്കെ പലപ്പോഴും മത്സര വേദികളിൽനിന്ന് വേദനയോടെ മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് നൃത്തം ജീവഭാഗമായി മാറുകയായിരുന്നു. കലാമണ്ഡലത്തിൽനിന്ന് ഭരതനാട്യത്തിൽ ബിരുദവും മോഹിനിയാട്ടത്തിലും, കുച്ചിപ്പുടിയിലും ബിരുദാനന്തര ബിരുദവും നേടി. ഭർത്താവ് നൈസിലും മക്കളായ ഇശാൻവിയും ഇവാൻശികയും പിന്തണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.