റൂട്ടറു’കൾ നിർമിക്കാനുള്ള ഫാക്ടറി റിയാദിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ
റിയാദ്: ‘റൂട്ടറു’കൾ ഇനി സൗദി അറേബ്യയിൽ നിർമിക്കും. ഇതിനുവേണ്ടിയുള്ള ആദ്യ ഫാക്ടറി റിയാദിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ, ധാതുവിഭവശേഷി മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിൽ റിയാദിലെ ടെക്നിക്കൽ കോളജ് ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷനുമായി സഹകരിച്ച് അൽ ഇബ്തികാർ ഇൻഡസ്ട്രിയൽ കമ്പനിയാണ് റൂട്ടറുകൾ നിർമിക്കുന്നതിലും അസംബിൾ ചെയ്യുന്നതിലും സ്പെഷലൈസ് ചെയ്ത ആദ്യത്തെ ഫാക്ടറി ആരംഭിച്ചിരിക്കുന്നത്.
കോളജ് ആസ്ഥാനത്ത് ഉദ്ഘാടന ചടങ്ങിൽ ആസൂത്രണ വികസനത്തിനായുള്ള വ്യവസായ, ധാതുവിഭവ വകുപ്പ് അസിസ്റ്റന്റ് മന്ത്രി ഡോ. അബ്ദുല്ല അൽ അഹ്മരി, നിരവധി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
ടെലികമ്യൂണിക്കേഷൻ വ്യവസായത്തിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നേടിയെടുക്കാൻ ദേശീയ കേഡർമാരെ പ്രാപ്തരാക്കുക, 500ലധികം ട്രെയിനികൾക്ക് സംയോജിത വിദ്യാഭ്യാസ, പരിശീലന അന്തരീക്ഷത്തിലൂടെ വാഗ്ദാനമായ തൊഴിൽ അവസരങ്ങൾ നൽകുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കോളജ് ലക്ഷ്യമിടുന്ന ‘ടെക്നിക്കൽ വാലി’ നിർമിക്കുന്നതിലെ ആദ്യത്തെ നിർമാണ ബ്ലോക്കിനെയാണ് ഫാക്ടറി പ്രതിനിധീകരിക്കുന്നതെന്ന് കോളജ് ഡീൻ ഡോ. സുൽത്താൻ അൽഗാംദി പറഞ്ഞു. അക്കാദമിക്, വ്യവസായിക മേഖലകൾ തമ്മിലുള്ള സഹകരണത്തിന് ഇത് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.