നാട്ടിലേക്ക് മടങ്ങുന്ന ഷഫീഖ് ഹസൻ വേങ്ങാട്ടിന് ഫറോക്ക് ഇസ്ലാമിക് റിലീഫ് സെൻറർ നൽകിയ യാത്രയയപ്പിൽ ഹസനുൽ ബന്ന പൊയിൽതൊടി ഉപഹാരം നൽകുന്നു
റിയാദ്: മൂന്നു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് കോഴിക്കോട് ഫറോക്ക് സ്വദേശി ഷഫീഖ് ഹസ്സൻ വേങ്ങാട്ട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലും റിയാദിലുമായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ഷഫീഖ് ഹസ്സൻ സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു. 1992ൽ ജിദ്ദയിലെത്തിയ ഷഫീഖ് 10 വർഷം അവിടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആയി ജോലി ചെയ്തു. 2002 ലാണ് റിയാദിലേക്ക് ട്രാൻസ്ഫർ ആയി പോയത്.
പിന്നീട് റിയാദിലെ മെർക്ക് ഷാർപ് ആൻഡ് ഡോംപ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 20 വർഷത്തോളം ഇൗ കമ്പനിയിൽ മെഡിക്കൽ വിഭാഗത്തിൽ അഡ്മിൻ മാനേജരായി ജോലി ചെയ്തു. നാട്ടുകാരുടെ റിയാദിലെ കൂട്ടായ്മയായ ഫറോക്ക് ഇസ്ലാമിക് റിലീഫ് സെൻറർ (എഫ്.ഐ.ആർ.സി) പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ പദവികളും വഹിച്ചിരുന്നു. സിജി റിയാദ്, കോഴിക്കോടെൻസ് തുടങ്ങി വിവിധ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. കുടുംബ കൂട്ടായ്മയായ വേങ്ങാട്ട് കുടുംബ സമിതിയുടെ ഗൾഫ് മേഖലയുടെ പ്രസിഡൻറ് കൂടിയാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു. കെ.എം.സി.സിയുടെ പ്രവർത്തകനുമായിരുന്നു.
ഷക്കീല ബാനുവാണ് ഭാര്യ. ഷാജിൽ ഹസൻ, സഹൽ ഷഫീഖ്, ഷസാദ് ഹസൻ എന്നിവർ മക്കളാണ്. എഫ്.ഐ.ആർ.സി യാത്രയയപ്പ് നൽകി. വൈസ് പ്രസിഡൻറ് ഹസനുൽ ബന്ന പൊയിൽതൊടി അധ്യക്ഷത വഹിച്ചു. നജ്മുദ്ദീൻ കുന്നുമ്മൽ, ഷഹീർ വേങ്ങാട്ട്, അമീർ സാബു പൊയിൽതൊടി, മുനവ്വർ തൊണ്ടിയിൽ, സി.കെ. ഫൈസൽ, നജ്മുദ്ദീൻ കുപ്പാട്ടിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അക്ബർ വേങ്ങാട്ട് സ്വാഗതവും ഷഫീഖ് ഹസ്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.