കാർ വിഭാഗത്തിൽ ആറാം തവണയും കിരീടം നേടിയ ഖത്തറിന്‍റെ നാസർ അൽ അത്തിയ
യാംബു: ലോകത്തിലെ ഏറ്റവും കഠിനമേറിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മാമാങ്കമായ ‘സൗദി ഡാക്കർ റാലി 2026’ന് യാംബുവിലെ ചെങ്കടൽ തീരത്ത് പ്രൗഢമായ സമാപനം. കാർ വിഭാഗത്തിൽ ഖത്തറിന്‍റെ ഇതിഹാസ താരം നാസർ അൽ അത്തിയ തുടർച്ചയായി ആറാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ചു. ജനുവരി മൂന്നിന് യാംബുവിൽ നിന്ന് ആരംഭിച്ച 48-ാമത് ഡാക്കർ റാലിക്കാണ് ശനിയാഴ്ച രാത്രി വർണാഭമായ ചടങ്ങുകളോടെ തിരശ്ശീല വീണത്.
മരുഭൂമിയിലെ ട്രാക്കുകളിൽ തന്‍റെ അപ്രമാദിത്വം ഒരിക്കൽ കൂടി തെളിയിച്ച നാസർ അൽ അത്തിയ, ഡാക്കർ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. ഫോർഡ് ടീമിന്‍റെ നാനി റോമയിൽ നിന്നും സ്വീഡിഷ് താരം മത്തിയാസ് എക്‌സ്‌ട്രോമിൽ നിന്നും കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, 12-ാം ഘട്ടത്തിലെ മിന്നുന്ന പ്രകടനം അൽ അത്തിയയുടെ കിരീടധാരണം ഉറപ്പിച്ചു.
സൗദി ഡാക്കർ റാലി 2026-ന്‍റെ സമാപനത്തിൽ വിജയികൾ ട്രോഫികളുമായി ആഹ്ലാദം പങ്കിടുന്നു
‘ഖത്തർ ഭരണകൂടത്തിന്റെയും റേസിങ് ആരാധകരുടെയും അകമഴിഞ്ഞ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിൽ. തുടർച്ചയായ ഈ വിജയം എല്ലാ ആരാധകർക്കുമായി സമർപ്പിക്കുന്നു’- വിജയത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
റാലി ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് ബൈക്ക് വിഭാഗം സാക്ഷ്യം വഹിച്ചത്. വെറും രണ്ട് സെക്കൻഡിന്‍റെ വ്യത്യാസത്തിൽ ഹോണ്ടയുടെ റിക്കി ബ്രാബെക്കിനെ മറികടന്ന് കെ.ടി.എം താരം ലൂസിയാനോ ബെനവിഡസ് ചാമ്പ്യനായി. ഹീറോ മോട്ടോ സ്പോർട്സിനായി മത്സരിച്ച റോസ് ബ്രാഞ്ച് എട്ടാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
സാങ്കേതിക തകരാറുകൾ മൂലം പിന്നീട് പിന്മാറേണ്ടി വന്നുവെങ്കിലും, ഇന്ത്യൻ താരം സഞ്ജയ് തകാലെ റാലിയിൽ വിസ്മയമായി. ക്ലാസിക് വിഭാഗത്തിലെ പ്രോലോഗിലും ഒന്നാം ഘട്ടത്തിലും ഒന്നാമതെത്തിയ അദ്ദേഹം, ഡാക്കറിൽ ഒരു ഘട്ടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു.
സൗദി അറേബ്യ ആതിഥ്യമരുളുന്ന തുടർച്ചയായ ഏഴാം ഡാക്കർ റാലിയാണിത്. 15 ദിവസങ്ങളിലായി അൽ ഉല, ഹാഇൽ, റിയാദ്, വാദി അദ് ദവാസിർ, ബിഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ 7,994 കിലോമീറ്റർ താണ്ടിയാണ് റാലി സമാപിച്ചത്. 69 രാജ്യങ്ങളിൽ നിന്നായി 39 വനിതകൾ ഉൾപ്പെടെ 812 മത്സരാർത്ഥികളാണ് ഇത്തവണ പങ്കെടുത്തത്.
സമാപന ചടങ്ങിൽ സൗദിയിലെയും വിദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സാംസ്‌കാരിക പരിപാടികളും സ്റ്റേജ് ഷോകളും സമാപനത്തിന് മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.