ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിലെ ‘ഹുബാറ ബസ്റ്റാർഡ്’ പക്ഷികൾ
യാംബു: വംശനാശഭീഷണി നേരിടുന്ന അപൂർവ പക്ഷിയായ ‘ഹുബാറ ബസ്റ്റാർഡു’കളെ സംരക്ഷിക്കുന്നതിനായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റി നടപ്പാക്കുന്ന വിപുലമായ പദ്ധതികൾ മികച്ച ഫലം കാണുന്നു. അന്താരാഷ്ട്ര തലത്തിൽ വംശനാശഭീഷണി നേരിടുന്ന ഈ പക്ഷികൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ വളരാനും പ്രജനനം നടത്താനും സൗകര്യമൊരുക്കുന്ന സൗദി ഭരണകൂടത്തിെൻറ നടപടികൾ ഇതിനകം ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. അറബികളുടെ സാംസ്കാരിക പൈതൃകത്തിെൻറ ഭാഗവും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരുമാണ് ഹുബാറ പക്ഷികൾ. റിസർവിനുള്ളിലെ ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ഇവയുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെട്ടതോടെ, പ്രകൃതിദത്തമായ സാഹചര്യങ്ങളിൽ ഹുബാറകളുടെ സാന്നിധ്യം വീണ്ടും സജീവമായിരിക്കുകയാണ്.
ഭാവി തലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, വന്യജീവികളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന സമഗ്രമായ ദേശീയ പദ്ധതിയുടെ ഭാഗമായാണ് അതോറിറ്റി ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആഗോളതലത്തിലെ മികച്ച ശാസ്ത്രീയ രീതികൾ അവലംബിച്ചാണ് റിസർവിനുള്ളിൽ ഹുബാറകളുടെ പ്രജനനവും സംരക്ഷണവും ഉറപ്പാക്കുന്നത്. ഇതോടൊപ്പം തന്നെ, വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നത് തടയാൻ കർശനമായ നിയമനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഹുബാറ പക്ഷികളെ വളർത്തുന്നതിനും അവയുടെ പ്രജനനത്തിനുമായി സൗദി പൗരന്മാർക്ക് പരിസ്ഥിതി മന്ത്രാലയം കൃത്യമായ മാർഗനിർദേശങ്ങളും വിവിധ പദ്ധതികളും നൽകിവരുന്നു. മരുഭൂമിയിലെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ ഇത്തരം പക്ഷികളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പരിപാടികളും വൻ വിജയമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.