16-ാമത് യാംബു പുഷ്പമേളയിലെ ദൃശ്യം
യാംബു: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ നഗരമായ യാംബുവിനെ വർണാഭമായ കാഴ്ചകളുടെ പ്രപഞ്ചമാക്കി മാറ്റിയ ഈ വർഷത്തെ പുഷ്പമേളയ്ക്ക് ഉജ്ജ്വല സമാപനം. മാർച്ച് 23-ന് ആരംഭിച്ച മേള, ഒരു മാസക്കാലം നീണ്ടുനിന്ന വിസ്മയ കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിച്ചാണ് തിരശ്ശീല വീഴ്ത്തിയത്. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ വസന്തോത്സവം സംഘടിപ്പിച്ചത്.
യാംബു-ജിദ്ദ ഹൈവേയോട് ചേർന്നുള്ള റോയൽ കമീഷൻ മേഖലയിലെ അൽ മുനാസബാത്ത് പാർക്കിലായിരുന്നു ഇത്തവണയും മേള അരങ്ങേറിയത്. വൈകുന്നേരം നാല് മുതൽ രാത്രി 12 വരെ അഞ്ച് റിയാൽ പ്രവേശന ഫീസോടെയാണ് സന്ദർശകരെ അനുവദിച്ചിരുന്നത്. എന്നാൽ സമാപനത്തോടനുബന്ധിച്ച് ഏപ്രിൽ 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു. ഇത് സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളെ പുഷ്പനഗരിയിലേക്ക് ആകർഷിക്കാൻ കാരണമായി.
പുഷ്പാലങ്കാരങ്ങൾക്ക് പുറമെ സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്. പക്ഷികളുടെ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ എന്നിവയ്ക്ക് പുറമെ പ്രദർശനത്തിനും വിപണനത്തിനുമായി നൂറ്റമ്പതോളം സ്റ്റാളുകളും മേളയിൽ സജീവമായിരുന്നു.
വിശാലമായ പാർക്കിങ് സൗകര്യം, വിശ്രമ കേന്ദ്രങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ പ്രാർത്ഥനാ മുറികൾ, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം മികച്ച രീതിയിൽ ക്രമീകരിച്ചിരുന്നു. രാത്രികാലങ്ങളിൽ ആകാശത്ത് വിസ്മയം തീർത്ത വെടിക്കെട്ടും ലേസർ ഷോകളും വിവിധ കലാപരിപാടികളും സന്ദർശകർക്ക് വേറിട്ട അനുഭവം നൽകി.
റോയൽ കമീഷെൻറ ഇറിഗേഷൻ ആൻഡ് ലാൻഡ്സ്കേപ്പിങ് വിഭാഗം ഒരുക്കിയ മനോഹരമായ ലാൻഡ്സ്കേപ്പിങ്ങും സേഫ്റ്റി ആൻഡ് സെക്യൂരിറ്റി വിഭാഗത്തിെൻറ മികച്ച സുരക്ഷാ ക്രമീകരണങ്ങളും സാനിറ്ററി വകുപ്പിെൻറ ശുചിത്വ പരിപാലനവും ഇത്തവണ പ്രത്യേകം പ്രശംസ പിടിച്ചുപറ്റി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കൂട്ടായ്മകളും സാമൂഹിക-സാംസ്കാരിക സംഘടനകളും കുടുംബങ്ങളും വലിയ തോതിൽ മേള സന്ദർശിക്കാനെത്തി. പ്രവാസത്തിെൻറ വിരസതയിൽ നിന്ന് മാറി ചെങ്കടൽ തീരത്തെ ഈ വസന്തോത്സവത്തിെൻറ ഭാഗമാകാൻ ഓരോ വർഷവും വർദ്ധിച്ച ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്. വരും വർഷങ്ങളിൽ കൂടുതൽ പുതുമകളോടെ തിരിച്ചെത്തുന്ന പുഷ്പമേളയ്ക്കായുള്ള കാത്തിരിപ്പിലാണ് യാംബു നിവാസികളും സന്ദർശകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.