ഷൂറ ദ്വീപിൽ ‘ഗ്രാൻഡ് ഹയാത്ത്’ റിസോർട്ട് ഉദ്ഘാടനം ചെയ്തു
ജിദ്ദ: ഷൂറ ദ്വീപിൽ ‘ഗ്രാൻഡ് ഹയാത്ത്’ റിസോർട്ട് ഉദ്ഘാടനം ചെയ്തതായി റെഡ് സീ ഇന്റർനാഷനൽ കമ്പനി വ്യക്തമാക്കി. റെഡ് സീ ഡെസ്റ്റിനേഷനിൽ ആഡംബര അതിഥേയത്വ സൗകര്യങ്ങളുടെ വലിയ പരിപാടികൾക്കുള്ള വേദിയാണ് ഒരുക്കിയത്. റീസോർട്ടിൽ 430 മുറികളും സൂട്ടുകളും സ്വകാര്യ വില്ലകളും അടങ്ങിയിരിക്കുന്നു. ഇതിനൊപ്പം വൈവിധ്യമാർന്ന റസ്റ്റോറന്റുകൾ, കുടുംബങ്ങൾക്കായുള്ള സൗകര്യങ്ങൾ, കൂടാതെ പരിപാടികൾക്കായി മാറ്റിവെച്ച 2400 ചതുരശ്ര മീറ്ററിലധികം സ്ഥലവും ഇവിടെയുണ്ട്. ഇതിൽ 1390 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വലിയ ആഘോഷ ഹാളും 683 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയ ഹാളും കോൺഫറൻസ് ഹാളുകളും ബഹുമുഖ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന തുറസ്സായ പുറം ഇടങ്ങളും ഉൾപ്പെടുന്നു. കോൺഫറൻസുകൾ, എക്സിബിഷനുകൾ, കോർപറേറ്റ് യോഗങ്ങൾ എന്നിവ മുതൽ വിവാഹങ്ങളും സ്വകാര്യ ആഘോഷങ്ങളും വരെയുള്ള വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ അനുയോജ്യമാണ് സൗകര്യങ്ങൾ. വിനോദസഞ്ചാരികളുടെയും ബിസിനസ്സ് യാത്രക്കാരുടെയും ആവശ്യങ്ങൾ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കുകയാണ് ലക്ഷ്യമെന്നും അന്താരാഷ്ട്ര കോൺഫറൻസുകൾ, കോർപറേറ്റ് മീറ്റിങുകൾ, വൻകിട പരിപാടികൾ എന്നിവക്ക് ‘ഗ്രാൻഡ് ഹയാത്ത്’ വേദിയാകുമെന്നും റെഡ് സീ ഇന്റർനാഷനൽ ഗ്രൂപ്പ് സി.ഇ. ഒ ജോൺ പഗാനോ പറഞ്ഞു. ടൂറിസത്തിലും വൻകിട ഇവന്റുകളിലും സൗദി അറേബ്യയുടെ ആഗോള സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഇത് സഹായകമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.