നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം - പ്രവാസി വെൽഫെയർ
റിയാദ്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി (റിയാദ്) ആവശ്യപ്പെട്ടു.
സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത വിധത്തിൽ പ്രീമിയം ഉയർത്തിയ നടപടി പ്രതിഷേധാർഹമാണ്. നാടിന്റെ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുന്ന പ്രവാസികൾക്ക് ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസമാകേണ്ടതാണ് സർക്കാർ സംവിധാനം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം കുത്തനെ കൂട്ടിയത് മധ്യവയസ്കരെയും മുതിർന്ന പ്രവാസികളെയും ഗുരുതരമായി ബാധിക്കും. ഉയർന്ന നിരക്ക് കാരണം പോളിസി പുതുക്കാനാവാതെ വരുന്നതോടെ പ്രവാസി കുടുംബങ്ങൾ വലിയ ആരോഗ്യ-സാമ്പത്തിക അരക്ഷിതാവസ്ഥയിലാകും.
ലാഭനഷ്ട കണക്കുകൾക്കപ്പുറം സാധാരണക്കാരുടെ സാമ്പത്തികശേഷി പരിഗണിച്ചായിരിക്കണം നോർക്ക പദ്ധതികളുടെ നിരക്കുകൾ നിശ്ചയിക്കേണ്ടത്. പുതുക്കിയ പ്രീമിയം നിരക്കുകൾ ഉടൻ പുനഃപരിശോധിക്കുക, നിരക്ക് വർധനവിന്റെ മാനദണ്ഡങ്ങൾ പരസ്യപ്പെടുത്തുക, നിലവിലുള്ള അംഗങ്ങളുടെ ചികിത്സ പരിരക്ഷ തടസ്സമില്ലാതെ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പ്രായം കൂടിയവർക്കും മാതാപിതാക്കളെ ഉൾപ്പെടുത്തിയ കുടുംബങ്ങൾക്കും പ്രത്യേക ഇളവുകൾ നൽകണം. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പ്രവാസി സംഘടനകളുമായി ചർച്ച നടത്താൻ സർക്കാരും നോർക്ക അധികൃതരും തയാറാകണമെന്നും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.