ഡാക്കർ റാലി 2027 സൗദിയിൽനിന്ന് മാറ്റിയതായി പ്രഖ്യാപനം
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്പോർട്സ് മത്സരമായ 'ഡാക്കർ റാലിയുടെ 2027 പതിപ്പ് ഇത്തവണ സൗദി അറേബ്യയിൽ നടത്തില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം. മേഖലയിലുണ്ടായ സമീപകാല സംഭവവികാസങ്ങളുടെയും സുരക്ഷ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സംഘാടകരായ അമൗറി സ്പോർട് ഓർഗനൈസേഷനും സൗദി മോട്ടോർ സ്പോർട് കമ്പനിയും സംയുക്തമായി തീരുമാനമെടുത്തത്. ജനുവരി ആദ്യത്തിൽ സൗദിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡാക്കർ റാലിയാണ് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും മാറ്റാൻ തീരുമാനിച്ചത്.
സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ, അന്താരാഷ്ട്ര മോട്ടോർ സ്പോർട്സ് ബോഡികളായ എഫ്.ഐ.എ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം. സൗദിക്ക് പകരം ഇത്തവണ പോർച്ചുഗലും മോറോക്കോയുമാകും ലോകത്തെ ഏറ്റവും കടുപ്പമേറിയ മോട്ടോർ സ്പോർട്സ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുക..
അതേസമയം 2028ൽ നടക്കുന്ന ഡാക്കർ റാലിയുടെ 50-ാം വാർഷികാഘോഷം സൗദി അറേബ്യയിൽ തന്നെ അവിസ്മരണീയമായ രീതിയിൽ ആഘോഷിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. 2020 മുതൽ തുടർച്ചയായി ഏഴ് പതിപ്പുകൾക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച സൗദി ഡാക്കർ റാലിയുടെ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞു. സ്പോർട്സ് മേഖലയിൽ സൗദി നൽകുന്ന ശക്തമായ പിന്തുണ തുടരുമെന്നും 2028ലെ 50-ാം പതിപ്പ് ലോകോത്തര നിലവാരത്തിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
2026ലെ ഡാക്കർ റാലി ജനുവരി 3 മുതൽ സൗദി യാംബു ചെങ്കടൽ തീരത്ത് നിന്ന് തുടക്കം കുറിച്ച് ജനുവരി 17ന് യാംബുവിൽ തന്നെ വിജയപ്രദമായി സമാപിച്ചിരുന്നു. ഡാക്കർ റാലിയുടെ ഏഴാം പതിപ്പിൽ 69 രാജ്യങ്ങളിൽനിന്ന് 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളാണ് പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 433 വാഹനങ്ങളിലാണ് മത്സരം നടന്നത്.
4840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക ഘട്ടങ്ങൾ ഉൾപ്പെടെ മൊത്തം 7994 കിലോമീറ്റർ ദൂരത്തിലാണ് ഡാക്കർ റാലി നടന്നത്. സാഹസിക യാത്ര അൽ ഉല, ഹാഇൽ, റിയാദ്, വാദി അദ്-ദവാസിർ, ബിഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ ശേഷമാണ് യാംബുവിൽ തന്നെ സമാപിച്ചത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ എംപ്റ്റി ക്വാർട്ടർ മരുഭൂമി ഒഴിവാക്കി പുതിയ റൂട്ടിലാണ് ഡാക്കർ റാലി ഒരുക്കിയത്.
വിഷൻ 2030ന്റെ ഭാഗമായി സുപ്രധാന കായിക മത്സരങ്ങൾക്ക് വേദിയായ സൗദി തുടർച്ചയായി ഡാക്കർ റാലി സംഘടിപ്പിക്കുന്നതിലൂടെ മറ്റൊരു നാഴികക്കല്ലാണ് പിന്നിട്ടത്. ഓരോ വർഷവും സുരക്ഷ സജീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയും ആധുനിക സാങ്കേതിക സംവിധാനങ്ങളൊരുക്കിയുമാണ് 15 ദിവസത്തോളം നീളുന്ന ഡാക്കർ റാലി സൗദിയിൽ നടന്നിരുന്നത്. സാഹസികതയുടെ ഡാക്കർ റാലിയെ വരവേൽക്കാനുള്ള തകൃതിയായ ഒരുക്കങ്ങൾ തുടങ്ങാനിരിക്കുന്നതിനിടയിലാണ് പുതിയ സാഹചര്യത്തിൽ സൗദിയിൽനിന്ന് ഈ ആഗോള മത്സരം മാറ്റിയ പ്രഖ്യാപനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.