അൽ ഖോബാർ ‘ബേഫ്രണ്ട്’പദ്ധതി ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ഉദ്ഘാടനം ചെയ്യുന്നു
അൽ ഖോബാർ കോർണിഷിൽ ‘ബേഫ്രണ്ട്’പദ്ധതിക്ക് തുടക്കമായി
അൽ ഖേബാർ: അൽ ഖോബാർ കോർണിഷിലെ ‘ബേഫ്രണ്ട്’പദ്ധതി കിഴക്കൻ പ്രവിശ്യാ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ഉദ്ഘാടനം ചെയ്തു. നഗരങ്ങളെ ജന സൗഹൃദമാക്കാനും കടൽത്തീരങ്ങൾ വികസിപ്പിക്കാനും പൊതു ഇടങ്ങളെ താമസക്കാർക്കും സന്ദർശകർക്കും വൈവിധ്യമാർന്ന അനുഭവം നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
കിഴക്കൻ പ്രവിശ്യയുടെ സവിശേഷതകൾക്കും അറേബ്യൻ ഗൾഫ് തീരത്തുള്ള അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനും അനുയോജ്യമായ രീതിയിൽ പ്രദേശവാസികൾക്കും സന്ദർശകർക്കും വൈവിധ്യമാർന്ന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നത് സാമ്പത്തിക-വിനോദസഞ്ചാര മേഖലക്ക് കരുത്തേകുമെന്നും ജീവിതനിലവാരം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഗവർണർ പറഞ്ഞു. ‘വിനോദം, ടൂറിസം, അതിഥിസേവനം, സമുദ്രവിനോദങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള ബേ ഫ്രണ്ട്’പദ്ധതി വാട്ടർഫ്രണ്ടിന്റെ ആകർഷണീയത വർധിപ്പിക്കുമെന്ന് കിഴക്കൻ പ്രവിശ്യാ മേയർ ഫഹദ് അൽജുബൈർ പറഞ്ഞു.
ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കാനും താമസക്കാരുടെയും സന്ദർശകരുടെയും പ്രതീക്ഷകൾക്കൊത്തുയരുന്ന കേന്ദ്രങ്ങൾ ഒരുക്കാനും മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അൽമുഹൈദിബ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി, ടൂറിസം ഡെവലപ്മെന്റ് ഫണ്ട് എന്നിവയുടെ പിന്തുണയോടെ അജ്ദാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി വികസിപ്പിച്ചതുമായ ‘ബേ ഫ്രണ്ട്’അറേബ്യൻ ഗൾഫ് തീരത്ത് ഒരു കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന പുതിയൊരു വാട്ടർഫ്രണ്ട് കേന്ദ്രമാണെന്ന് അൽ മുഹൈദിബ് ഗ്രൂപ്പ് സി.ഇ.ഒ ഇസ്സാം അൽമുഹൈദിബ് പറഞ്ഞു.
പദ്ധതി ഉദ്ഘാടനം ചെയ്തതിന് കിഴക്കൻ പ്രവിശ്യാ ഗവർണർക്ക് നന്ദിയും കടപ്പാടും അറിയിച്ചു. കടലിലേക്ക് അഭിമുഖമായുള്ള റെസ്റ്റോറന്റുകളും കഫേകളും, മണൽത്തീരം, കാൽനടപ്പാതകൾ, തുറസ്സായ സ്ഥലങ്ങൾ, വൈവിധ്യമാർന്ന വിനോദ സൗകര്യങ്ങൾ എന്നിവയടങ്ങുന്ന നാല് മേഖലകൾ ഈ കേന്ദ്രത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.