ജിദ്ദ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശൻ പ്രവാസികാര്യ വകുപ്പ് നേരിട്ട് ഏറ്റെടുത്തത് അങ്ങേയറ്റം സ്വാഗതാർഹവും ആവേശം പകരുന്നതുമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രിയോ മുതിർന്ന നേതാക്കളോ നേരിട്ട് കൈകാര്യം ചെയ്യണമെന്ന് ഒ.ഐ.സി.സി മുമ്പ് വിവിധ ഉന്നത നേതാക്കൾക്ക് നൽകിയ നിവേദനങ്ങളിൽ ആവശ്യപ്പെട്ടിരുന്നതാണ്. പുതിയ സർക്കാറിന്റെ ശ്രദ്ധ ഉടനടി പതിയേണ്ട ഏതാനും അടിയന്തിര പ്രവാസി ആവശ്യങ്ങളും ഒ.ഐ.സി.സി ഈ അവസരത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്.
സീസൺ സമയങ്ങളിൽ പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ കടുത്ത ചൂഷണത്തിന് അറുതി വരുത്തി, ചാർട്ടേഡ് വിമാന സർവീസുകൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ സർക്കാർ തലത്തിൽ ആവിഷ്കരിക്കണം. മടങ്ങിവരുന്നവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താനും അവരെ സംരംഭകരാക്കാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പുനരധിവാസ പാക്കേജുകൾ നോർക്ക വഴി നടപ്പിലാക്കേണ്ടതുണ്ട്.
ഇതോടൊപ്പം പ്രവാസി പെൻഷൻ തുക കാലാനുസൃതമായി വർധിപ്പിക്കുകയും വിതരണത്തിലെ കാലതാമസം ഒഴിവാക്കുകയും വേണം. നാട്ടിലെ നിക്ഷേപങ്ങൾക്കും വ്യവസായങ്ങൾക്കും ചുവപ്പുനാടകളില്ലാതെ ഒറ്റജാലക സംവിധാനത്തിലൂടെ വേഗത്തിൽ അനുമതി നൽകി സുരക്ഷിതത്വം ഉറപ്പാക്കണം.
കൂടാതെ, വിദേശത്ത് മരണപ്പെടുന്ന മലയാളി സഹോദരങ്ങളുടെ ഭൗതികശരീരം സാമ്പത്തിക ബാധ്യതയില്ലാതെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നോർക്കയുടെ പ്രത്യേക എയർ ആംബുലൻസ് അല്ലെങ്കിൽ കാർഗോ ഫണ്ട് വിപുലീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രവാസികളുടെ നാഡിമിടിപ്പ് അറിയുന്ന വി.ഡി. സതീശെൻറ നേതൃത്വത്തിൽ നോർക്ക വകുപ്പ് പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ പുതിയ സർക്കാരിന് സാധിക്കുമെന്നും കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ലക്ഷ്യപ്രാപ്തിക്കായി സർക്കാരിന് ഒ.ഐ.സി.സി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ഭാരവാഹികൾ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.