യാംബു: സൗദിയിലെ പ്രമുഖ വ്യവസായ നഗരമായ യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കം. പെരുന്നാൾ അവധി ദിനമായതിനാൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് സന്ദർശകരാണ് ഉദ്ഘാടന ദിവസം മേള കാണാനെത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവേശനം സൗജന്യമായിരുന്നു. വൈവിധ്യമാർന്ന സാംസ്‌കാരിക ഘോഷയാത്രകൾ, വിവിധ ഷോകൾ, കുട്ടികൾക്കായുള്ള പ്രത്യേക സ്റ്റേജ് പരിപാടികൾ എന്നിവ ആദ്യദിനത്തെ ആകർഷകമാക്കി.
യാംബു റോയൽ കമീഷനിലെ യാംബു-ജിദ്ദ ഹൈവേ റോഡിനോട് ചേർന്ന അൽ മുനാസബാത്ത് ഉദ്യാനത്തിലാണ് മേള നടക്കുന്നത്. ഏപ്രിൽ 23 വരെ നീണ്ടുനിൽക്കുന്ന മേള എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് പ്രവർത്തിക്കുക. അഞ്ച് റിയാലാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 20 റിയാലിന്റെ സീസൺ ടിക്കറ്റും ലഭ്യമാണ്. https://window.rcjy.gov.sa/RCJYReservation/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്.
സൗജന്യ ബസ് സർവിസ്
യാംബു റോയൽ കമീഷന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മേള നഗരിയിലേക്ക് എത്താൻ സൗജന്യ ബസ് സർവിസും ഒരുക്കിയിട്ടുണ്ട്. വിവിധ പവലിയനുകൾ, ഫുഡ് കോർട്ടുകൾ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്. പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകളും വിശാലമായ പൂപ്പരവതാനികളുമാണ് പ്രധാന ആകർഷണം. സുരക്ഷക്കും ശുചിത്വത്തിനുമായി യാംബു റോയൽ കമീഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നഗരിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
രാത്രികാല കാഴ്ചകൾ വർണാഭമാക്കാൻ കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചവും അലങ്കാര വിളക്കുകളും വിസ്മയമൊരുക്കുന്നു. പൂച്ചെടികളുടെയും വിത്തുതൈകളുടെയും പ്രദർശനവും വിൽപനയും അറബി കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നുണ്ട്. വാണിജ്യ വിനോദ പരിപാടികൾ സജീവമാക്കുന്നതിനൊപ്പം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മുൻനിർത്തിയാണ് അധികൃതർ യാംബു പുഷ്പമേള സംഘടിപ്പിക്കുന്നത്. സൗദി യുവതീ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകാനും ഇത്തരം മേളകൾ ലക്ഷ്യമിടുന്നു.
പുഷ്പമേളക്ക് എത്തുന്നവർക്ക് സന്ദർശിക്കാൻ യാംബുവിൽ മറ്റു ആകർഷകമായ ഇടങ്ങളുമുണ്ട്. അതിവിശാലമായ ബീച്ച് ഹൈവേക്കരികെയുള്ള വാട്ടർ ഫ്രണ്ട് പാർക്ക്, ചെങ്കടലിൽ മനോഹരമായി രൂപകൽപന ചെയ്ത മനുഷ്യനിർമിത ‘നൗറസ് ദ്വീപ്’, യാംബു തടാകം, ബോട്ടിങ് കേന്ദ്രങ്ങൾ, പുരാതന യാംബുവിന്റെ നേർക്കാഴ്ചകളൊരുക്കുന്ന ഹെറിറ്റേജ് പാർക്ക് തുടങ്ങിയവ സഞ്ചാരികളെ കാത്തിരിക്കുകയാണ്.
സ്വദേശികളെപ്പോലെ തന്നെ വിദേശികളും ബാച്ചിലർമാരും ഏറെ ആവേശത്തോടെയാണ് മരുഭൂമിയിലെ ഈ പൂവസന്തത്തെ വരവേൽക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി സംഘടനകളും കൂട്ടായ്മകളും പുഷ്പമേളയിലേക്ക് ഉല്ലാസയാത്രകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.