യാംബു: ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റിയുടെ നടപടി തുടരുന്നു. നവംബർ എട്ട് മുതൽ 14 വരെ നടത്തിയ പരിശോധനയിൽ 1,383 പേർ പിടിയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവർ അറസ്റ്റിലായത്. വാഹനം കണ്ടുകെട്ടൽ, പിഴ എന്നിവയാണ് ശിക്ഷ.
പിടികൂടിയവരിൽ 721 പേർ ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തിയവരാണ്. 662 പേർ നിയമവിരുദ്ധമായി യാത്രക്കാരെ ടാക്സികളിലേക്ക് വിളിച്ചുകയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരാണ്. ലൈസൻസില്ലാത്ത ടാക്സി സർവിസിന് 20,000 റിയാൽ വരെയാണ് പിഴ. 60 ദിവസം വരെ വാഹനം കണ്ടുകെട്ടും. യാത്രക്കാരെ കാൻവാസ് ചെയ്ത് വാഹനങ്ങളിൽ കയറ്റിവിടുന്നവർക്ക് 11,000 റിയാൽ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. നിയമ ലംഘനം ആവർത്തിച്ച് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് പൊതുലേലത്തിൽ വിൽക്കും. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്ന വിദേശികളെ നാടുകടത്തും.
രാജ്യത്തെ ഗതാഗത മേഖലയിലെ മത്സരശേഷി വർധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രാഗതാഗതത്തിന്റെ ഗുണനിലവാരം ഉയർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പരിശോധന കാമ്പയിനുകൾ ഊർജിതതമാക്കുന്നതെന്നും അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സ്ട്രാറ്റജിക്കനുസൃതമായി ഗതാഗത മേഖലയിലെ സ്റ്റാൻഡേർഡ് നിരക്കുകൾ ഏകീകരിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതോറിറ്റിയുടെ നടപടികൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.