റിയാദ്: സൗദിയിലെ തൊഴിലാളി ദായക, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ തൊഴിലാളികളുടെ ഫോട്ടോകളോ വിഡിയോകളോ സേവന കൈമാറ്റത്തിനായുള്ള പരസ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സപ്പോർട്ട് ലേബർ സർവിസുകൾക്കായി നിശ്ചയിച്ച മാനദണ്ഡങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന വാക്കുകളോ ശൈലികളോ പരസ്യത്തിൽ ഉണ്ടാകരുതെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
തെറ്റായ ഓഫർ, പ്രസ്താവന അല്ലെങ്കിൽ ക്ലെയിം എന്നിവ ഉൾപ്പെടുന്നതോ ഉപഭോക്താവിനെ നേരിട്ടോ അല്ലാതെയോ വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന പദപ്രയോഗങ്ങൾ ഉൾക്കൊള്ളുന്നതോ ആയ പരസ്യങ്ങളും പാടില്ലെന്ന് മന്ത്രാലയത്തിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ ‘ഇസ്തിലാ’യിൽ ആരംഭിച്ച ‘സപ്പോർട്ട് ലേബർ സർവിസ് അഡ്വർടൈസ്മെന്റ്’ എന്നതിന്റെ മാനദണ്ഡങ്ങളിൽ പറയുന്നു.
മന്ത്രാലയത്തിന്റെയോ അനുബന്ധ പ്ലാറ്റ്ഫോമുകളായ ‘മുസാനിദ്’ അല്ലെങ്കിൽ ‘അജീർ’ എന്നിവയുടെയോ പേരോ ലോഗോയോ പരസ്യ ഉള്ളടക്കത്തിൽ നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാൻ പാടില്ല. പരസ്യത്തിന്റെ ഭാഷ അറബി ആയിരിക്കണം. അറബി ഉള്ളടക്കവുമായി പൊരുത്തപ്പെടുന്ന മറ്റേതെങ്കിലും ഭാഷയും ചേർക്കാവുന്നതാണ്. പരസ്യത്തിൽ ലൈസൻസിയുടെ പേരും ലോഗോയും, സേവനത്തിന്റെ രജിസ്റ്റർ ചെയ്ത വ്യാപാര മുദ്രയും, ലൈസൻസിയാണ് സേവനം നൽകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും ഉൾപ്പെടുത്തണം.
ആളുകളെ അവരുടെ അനുമതിയില്ലാതെ കാണിക്കുകയോ, കാരിക്കേച്ചറുകൾ സൃഷ്ടിക്കുകയോ, പരസ്യത്തിൽ പരാമർശിക്കുകയോ ചെയ്യരുത്. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി സേവനം കൈമാറാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ഫോട്ടോകളോ വിഡിയോകളോ പ്രസിദ്ധീകരിക്കാനും പാടില്ല. എന്നാൽ തൊഴിലാളികളുടെ അനുവാദത്തോടെ അവരുടെ ബയോഡേറ്റകൾ പ്രദർശിപ്പിക്കാനാവും.
ജോലി അഭിമുഖങ്ങളിൽ തൊഴിലാളികളെ ഗ്രൂപ്പുകളായി അവതരിപ്പിക്കരുത്. അഭിമുഖങ്ങൾ വ്യക്തിഗതമായിരിക്കണം. ദേശീയത, മതം, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും പരസ്യങ്ങളിൽ പാടില്ല. ‘മികച്ച ദേശീയത’, ‘ഏറ്റവും കുറഞ്ഞ ശമ്പളം’, ‘ഇഷ്ടപ്പെട്ട മതം’ തുടങ്ങിയ പദപ്രയോഗങ്ങളും പാടില്ല. പരസ്യ ഉള്ളടക്കത്തിൽ മറ്റു ലൈസൻസികൾ നൽകുന്ന സേവനങ്ങളെ ബാധിക്കുന്ന ഒരു നെഗറ്റീവ് പദപ്രയോഗവും ഉൾപ്പെടുത്തരുത്. ഏത് സാഹചര്യത്തിലും സേവനം കൈമാറുന്നതിന് സപ്പോർട്ട് വർക്കർക്ക് സാമ്പത്തിക ചെലവുകൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വാചകം പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്നതും വിലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.