ജിദ്ദ: ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമലംഘനങ്ങൾ നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പരിശോധന കർശനമാക്കി സൗദി ടൂറിസം മന്ത്രാലയം. വേനൽക്കാല വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെയാണിത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം പരിശോധന ശക്തമാണ്.
ടൂറിസം മേഖലയിൽ പാർപ്പിടം, ഗതാഗതം, ഭക്ഷണം തുടങ്ങിയ വിവിധ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മന്ത്രാലയത്തിൽനിന്ന് ആവശ്യമായ ലൈസൻസുകൾ നേടിയിട്ടുണ്ടെന്നും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ലഭിക്കുന്ന സേവനങ്ങൾ ഗുണനിലവാരമുള്ളതാണെന്നും ഉറപ്പുവരുത്തലാണ് പരിശോധനയുടെ ലക്ഷ്യം. വിവിധ ഭാഗങ്ങളിൽ രണ്ടു മാസത്തിനുള്ളിൽ നടത്തിയ പരിശോധനകളിൽ 700 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2,800 പരിശോധനകളാണ് പൂർത്തിയാക്കിയത്.
റിയാദ്, ജിദ്ദ, മദീന, അസീർ, അൽ ബാഹ, ത്വാഇഫ്, അൽ അഹ്സ എന്നിവയുൾപ്പെടെ നിരവധി ഭാഗങ്ങളിൽ പരിശോധന ടൂറുകൾ ഊർജിതമാക്കി. ടൂറിസം മേഖലയിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകേണ്ടതിന്റെയും ടൂറിസം സൗകര്യങ്ങളിൽ നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ടൂറിസം സേവനങ്ങൾ നൽകുന്നതും ചട്ടങ്ങൾ ലംഘിക്കുന്നതുമാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാൽ ഭീമമായ തുക പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് ആവർത്തിച്ചു. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ 930 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാമെന്ന് വിനോദസഞ്ചാരികളോടും സന്ദർശകരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.