യാംബു: ഗൾഫ് മേഖല കടുത്ത വേനലിലേക്ക് നീങ്ങുന്നു. ഇപ്പോൾ തന്നെ സൗദി ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിലെ പല നഗരങ്ങളും കനത്ത ചൂടിലായിക്കഴിഞ്ഞു. സൂര്യൻ അതിന്റെ പരമാവധി ഉയരത്തിൽ എത്തുന്ന ‘വേനൽക്കാല സംക്രാന്തി’ (summer solstice) ഈ മാസം 21ന് സംഭവിച്ചതോടെ ചൂട് കടുത്തു. സൂര്യൻ ദീർഘായുസ് നേടുന്ന ദിവസമാണ് ഇത്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയുമാണ് ഈ ദിവസം സംഭവിക്കുന്നത്.
സൂര്യൻ ആകാശത്തിന്റെ വടക്കേയറ്റത്ത് പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസത്തെ ‘ഉത്തരായനാന്തം’ എന്നും പറയുന്നു. ഭൂമി ഭ്രമണ പഥത്തിൽ ഒരു നിശ്ചിതസ്ഥാനത്ത് എത്തുന്നതിനൊപ്പം അതിന്റെ അച്ചുതണ്ട് സൂര്യനിലേക്ക് പരമാവധി 23.5 ഡിഗ്രി ചരിഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ് ഈ കാലാവസ്ഥാമാറ്റം സംഭവിക്കുന്നത്. ഇത് പ്രധാനമായ ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണ്. ലോകമെമ്പാടുമുള്ള ആളുകൾ കാലാവസ്ഥ വ്യതിയാനങ്ങൾ നിർണയിക്കാൻ ഇതാണ് ആശ്രയിക്കുന്നത്. ശീതകാലം, വസന്തം, വേനൽ, ശരത് എന്നീ നാലു ജ്യോതിശാസ്ത്ര ഋതുക്കൾ രേഖപ്പെടുത്താനും സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി ബന്ധപ്പെട്ടുള്ള പഠനമാണ് അടിസ്ഥാനമാക്കിവരുന്നത്. സൂര്യൻ ആകാശത്തിലെ ഏറ്റവും ഉയർന്നതും വടക്കേ അറ്റത്തുമുള്ള സ്ഥാനത്ത് എത്തുന്ന നിമിഷമാണിതെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എൻജി. മജീദ് അബു സഹ്റ പറഞ്ഞു. ആഗസ്റ്റ് 31 വരെ ഈ പ്രതിഭാസത്തിന്റെ ഫലം നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ഈ മൂന്നു മാസങ്ങളിൽ ചില ദിനങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ദിനങ്ങൾ കൂടിയായിരിക്കും.
ചില ദിനങ്ങളിലെ പകൽ വെളിച്ചം 13 മണിക്കൂറും 43 മിനിറ്റും വരെ നീണ്ടുനിൽക്കുമെന്നും ജ്യോതി ശാസ്തജ്ഞന്മാർ പറഞ്ഞു. ജ്യോതിശാസ്ത്രപരമായ വേനൽക്കാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന പ്രതിഭാസങ്ങൾ കഴിഞ്ഞദിവസം സംജാതമായതായി കാലാവസ്ഥ നിരീക്ഷകരും വിലയിരുത്തി. വേനൽകാലത്തിന്റെ ആദ്യ പകുതിയായ ജൂൺ 21 മുതൽ ആഗസ്റ്റ് 10 വരെ രാജ്യത്ത് താപനില ഉയർന്നുനിൽക്കും. സൗദി ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ കണക്കനുസരിച്ച് രാജ്യത്തെ ഇത്തവണത്തെ വേനൽക്കാലം 93 ദിവസവും 15 മണിക്കൂറും 37 മിനിറ്റുമായിരിക്കും. പകൽ സമയത്ത് ശരാശരി 40 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും താപനിലയാകും പ്രകടമാകുക. ഈ കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടുകാറ്റ് അടിച്ചുവീശുകയും ചെയ്യും. വടക്കൻ അർധഗോളത്തിൽ കടുത്ത വേനൽക്കാലം സംഭവിക്കുന്നതിനാൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ പലയിടങ്ങളിലും വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും സമയം കുറഞ്ഞ രാത്രിയുമാകും അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.