പ്രതീകാത്മക ചിത്രം
റിയാദ്: ജപ്പാനിൽ വരും ദിവസങ്ങളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിനും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, അവിടെയുള്ള സൗദി പൗരന്മാരോടും പുതുതായി എത്തുന്നവരോടും അതീവ ജാഗ്രത പാലിക്കാൻ ജപ്പാനിലെ സൗദി അറേബ്യൻ എംബസി നിർദ്ദേശിച്ചു. പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തിര സാഹചര്യങ്ങളിൽ എംബസിയുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
ജപ്പാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ഈ അടിയന്തിര ഇടപെടൽ. സുരക്ഷാ മുൻകരുതലുകൾ പൂർണമായി പാലിക്കാൻ ജപ്പാനിലെ സൗദി പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ സൗദി സിറ്റിസൺസ് അഫയേഴ്സ് ഡെസ്കിലോ എംബസി നമ്പറിലോ ഉടൻ ബന്ധപ്പെടണം.
നിലവിൽ ഒകിനാവ പ്രവിശ്യയിൽ ആഞ്ഞടിച്ച 'ജംഗ്മി' ചുഴലിക്കാറ്റിൽ ഒമ്പത് പേർക്ക് നിസ്സാര പരിക്കേറ്റതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് ഇപ്പോൾ ജപ്പാെൻറ തെക്കുപടിഞ്ഞാറൻ ദ്വീപായ ക്യൂഷു ലക്ഷ്യമാക്കി വടക്കോട്ട് നീങ്ങുകയാണ്. ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ടുകൾ പ്രകാരം, ചുഴലിക്കാറ്റിനെ തുടർന്ന് കഗോഷിമ, ഒകിനാവ പ്രവിശ്യകളിലായി ഏകദേശം 48,000-ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ക്യൂഷുവിലേക്കും അവിടെനിന്നുമുള്ള സർവീസുകൾ ഉൾപ്പെടെ മുന്നൂറിലധികം വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.
ശക്തമായ കാറ്റും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, നദികളിലെ ജലനിരപ്പ് ഉയരൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ജപ്പാൻ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.