ദമ്മാം: ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോളതലത്തിൽ നേരിടുന്ന വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബദൽ നിർദ്ദേശങ്ങളുമായി സൗദി അറേബ്യ. ആധുനിക ധനകാര്യ രീതികൾക്ക് പകരമായി 1,400 വർഷം പഴക്കമുള്ള ഇസ്‌ലാമിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പരിഹാരമാർഗമാണ് സൗദി ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്.
ന്യൂയോർക്കിൽ ജൂലൈ ഏഴ് മുതൽ 15 വരെ നടന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള ഉന്നതതല രാഷ്ട്രീയ ഫോറത്തിൽ സമർപ്പിച്ച ‘വളൻററി നാഷനൽ റിവ്യൂ’വിലാണ് സൗദി അറേബ്യ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. 36-ഓളം രാജ്യങ്ങൾ പങ്കെടുത്ത ഫോറത്തിൽ സൗദി മുന്നോട്ടുവെച്ച ഈ വ്യതിരിക്തമായ നിലപാട് ഏറെ ശ്രദ്ധനേടി.
സുസ്ഥിര വികസനത്തിനായുള്ള ധനസമാഹരണത്തിൽ ‘വഖഫ്’ (ഇസ്‌ലാമിക ധർമ്മസ്ഥാപന സ്വത്ത്) ശക്തമായ ഒരു ഉപാധിയായി മാറുമെന്ന് സൗദിയിലെ ‘ജനറൽ അതോറിറ്റി ഫോർ ഔഖാഫ്’ യോഗത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ ദേശീയ അവലോകന റിപ്പോർട്ടിൽ ആദ്യമായാണ് ധർമ്മസ്ഥാപന സ്വത്തുക്കളുടെ പങ്കും സുസ്ഥിര വികസനത്തിന് അത് നൽകുന്ന സംഭാവനകളും ഉൾപ്പെടുത്തുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ ഔഖാഫിലെ എംപവർമെൻറ് ആൻഡ് ഡെവലപ്‌മെൻറ് വിഭാഗം ജനറൽ മാനേജർ തൗഫീഖ് അൽ ഗംദി പറഞ്ഞു.
സൗദി അറേബ്യ മുന്നോട്ടുവെച്ച ഈ നൂതന ആശയം വിശദമായി ചർച്ച ചെയ്യുന്നതിനായി യു.എൻ ഡെവലപ്‌മെൻറ് അതോറിറ്റി പ്രത്യേക യോഗം തന്നെ സംഘടിപ്പിച്ചു. ഭരണം, വികസനം, സാങ്കേതിക പരിവർത്തനം, സുതാര്യത ഉറപ്പാക്കൽ എന്നീ മേഖലകളിൽ വഖഫ് രംഗം കൈവരിച്ച മാറ്റങ്ങൾ എങ്ങനെയാണ് ദേശീയ വികസന ചട്ടക്കൂടുമായി സംയോജിപ്പിച്ചിരിക്കുന്നത് എന്ന് ഈ ചർച്ചയിൽ വിശദീകരിക്കപ്പെട്ടു.
ആഭ്യന്തരമായി വികസിപ്പിച്ചതാണെങ്കിലും പൂർണമായും അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയ പ്രത്യേക സൂചിക വഖഫ് സ്ഥാപനങ്ങളുടെ പ്രവർത്തന പക്വത അളക്കുന്നതിനുള്ള മികച്ച ഉപാധിയാണെന്ന് അൽ ഗംദി വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വഖഫ് പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ സംവിധാനമാണിത്. അതുകൊണ്ടുതന്നെ ഈ മാതൃക മറ്റ് രാജ്യങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായി വിദ്യാലയങ്ങൾ, ആശുപത്രികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് വഖഫ് പോലുള്ള സംഭാവനാ പദ്ധതികൾ വലിയ സാമ്പത്തിക സഹായമാണ് നൽകിയിട്ടുള്ളത്. മൂലധന സ്വത്ത് സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് തന്നെ അതിൽ നിന്നുള്ള ആദായവും നേട്ടങ്ങളും തുടർന്നും ലഭ്യമാക്കുക എന്നതാണ് ഈ മാതൃകയുടെ പ്രധാന സവിശേഷത.
ഈ പ്രവർത്തനരീതി ജീവകാരുണ്യ സംഘടനകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമേകും; പ്രത്യേകിച്ചും ദുർബലമായ സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങൾക്ക് ഇത് വലിയ താങ്ങായിരിക്കും. രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ മേഖലയുടെ സംഭാവന അഞ്ച് ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്ന ‘സൗദി വിഷൻ 2030’ പദ്ധതികളെക്കുറിച്ചും അദ്ദേഹം ആഗോള പ്രതിനിധികളോട് വിശദീകരിച്ചു.
വഖഫിെൻറ ചരിത്രപരവും ശരീഅത്ത് അധിഷ്ഠിതവുമായ വശങ്ങളെ ആധുനിക ഭരണരീതികളുമായി വിജയകരമായി സംയോജിപ്പിക്കുന്ന നിയമനിർമ്മാണങ്ങൾ നടത്തുന്നതിനായാണ് ഒരു സ്വതന്ത്ര സർക്കാർ സംവിധാനമെന്ന നിലയിൽ ജനറൽ അതോറിറ്റി ഫോർ ഔഖാഫ് രൂപവത്കരിച്ചതെന്നും തൗഫീഖ് അൽ ഗംദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.