ടൂറിസം സ്ഥാപനങ്ങളിൽ കർശന പരിശോധന; ആറു മാസത്തിനിടെ 21,000 നിയമലംഘനങ്ങൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ടൂറിസം മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനകളിൽ വൻ നിയമലംഘനങ്ങൾ കണ്ടെത്തി. 2025-ന്റെ ആദ്യ പകുതിയിൽ ഹോട്ടലുകൾ, അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടെയുള്ള താമസ സൗകര്യ കേന്ദ്രങ്ങളിൽ നടത്തിയ 47,000-ത്തിലധികം പരിശോധനകളിൽ ഏകദേശം 21,000 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടൂറിസം മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും ടൂറിസം പ്രവർത്തനങ്ങളും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകൾ. എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് 10 ലക്ഷം സൗദി റിയാൽ വരെ പിഴ ഈടാക്കുകയോ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പൊതുജനങ്ങൾക്ക് അറിയിക്കുന്നതിനായി 930 എന്ന ഏകീകൃത ടൂറിസം കേന്ദ്രത്തിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനൊപ്പം ലോകോത്തര നിലവാരം ഉറപ്പാക്കാനുള്ള സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ കർശന നടപടികൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Strict inspection of tourism establishments; 21,000 violations found in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.