റിയാദ്: ഹജ്ജ് തീർഥാടന കാലയളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഔദ്യോഗിക ലൈസൻസുകൾ ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്നതോ സംഭരിക്കുന്നതോ ഗുരുതര നിയമലംഘനമായി കണക്കാക്കുമെന്ന് അതോറിറ്റി ഫാക്ടറികൾക്കും ഗോഡൗണുകൾക്കും മുന്നറിയിപ്പ് നൽകി.
തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനും ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കം. തീർഥാടകർക്ക് ലഭ്യമാകുന്ന ഭക്ഷണത്തിെൻറയും മരുന്നുകളുടെയും സുരക്ഷ അതോറിറ്റിയുടെ മുൻഗണനാ പട്ടികയിൽ ഒന്നാമതാണെന്ന് അതോറിറ്റി വ്യക്തമാക്കി. അംഗീകൃത സ്ഥാപനങ്ങളുടെ പരിധിക്ക് പുറത്ത് ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ പ്രവർത്തനാനുമതി റദ്ദാക്കപ്പെട്ടതോ അടച്ചുപൂട്ടിയതോ ആയ സ്ഥാപനങ്ങൾ, നിശ്ചിത നിബന്ധനകൾ പാലിച്ച് അതോറിറ്റിയുടെ പ്രത്യേക അനുമതി ലഭിച്ച ശേഷം മാത്രമെ പുനഃപ്രവർത്തനം ആരംഭിക്കാൻ പാടുള്ളൂ. കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതും ശിക്ഷാർഹമാണ്.
നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. കുറ്റക്കാർക്ക് പരമാവധി പത്ത് ദശലക്ഷം റിയാൽ വരെ പിഴയോ, പത്ത് വർഷം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാം.
ഇതിന് പുറമെ, കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 180 ദിവസം വരെ ഭക്ഷ്യ സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനോ അല്ലെങ്കിൽ ഒരു വർഷം വരെ സസ്പെൻഡ് ചെയ്യാനോ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കുന്നത് വിപണിയിലെ ഉൽപന്നങ്ങളുടെ വിശ്വാസ്യതയും ഗുണനിലവാരവും വർധിപ്പിക്കാൻ സഹായിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
നിലവിലുള്ള ചട്ടങ്ങൾ എല്ലാ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു. പൊതുജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 19999 എന്ന നമ്പറിൽ വിളിച്ച് വിവരമറിയിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.