റിയാദ്: കൃത്യസമയത്ത് വാഹന വിതരണ പദ്ധതികൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 29 പ്രമുഖ വിദേശ ഓട്ടോമൊബൈൽ നിർമാതാക്കളുടെ വാഹനങ്ങൾക്ക് സൗദി അറേബ്യ താൽക്കാലിക വിലക്കേർപ്പെടുത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ 2026 വർഷത്തെ സപ്ലൈ പ്ലാൻ (വിതരണ പദ്ധതി) ലഭ്യമാക്കാത്ത കമ്പനികൾക്കെതിരെയാണ് സൗദി ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി (സാസോ) കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ചെറുകിട-ലൈറ്റ് വാഹനങ്ങളുടെ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക മാനദണ്ഡമായ ‘സൗദി സി.എ.ഇ.എഫ്’ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം, വിലക്ക് നേരിടുന്ന കമ്പനികളിൽ നിന്നുള്ള 3.5 ടണ്ണിൽ താഴെ ഭാരമുള്ള പുതിയ ലൈറ്റ് വാഹനങ്ങൾക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല.
നിലവിൽ താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക്, കമ്പനികൾ ആവശ്യമായ വിതരണ രേഖകൾ പൂർണ്ണമായി സമർപ്പിക്കുന്നത് വരെ തുടരും. പരമാവധി ഈ വർഷം അവസാനത്തോടെ കമ്പനികൾ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ ശ്രദ്ധേയരായ വോൾവോ കാർസ്, ലക്സ്ഗൻ മോട്ടോർ, ഹോസോൺ ന്യൂ എനർജി ഓട്ടോമൊബൈൽ, ഷെങ്ഷൗ നിസാൻ ഓട്ടോമൊബൈൽ, ഹോവ്താൽ മോട്ടോർ ഗ്രൂപ്പ്, ഗ്രീൻകാർ ഓട്ടോ ടെക്, ചോങ്കിങ് ലിവൻ ഓട്ടോമൊബൈൽ മാനുഫാക്ചറിങ് എന്നിവയുൾപ്പെടെയുള്ള 29 പ്രമുഖ ബ്രാൻഡുകളാണ് നിലവിൽ ഈ കടുത്ത നടപടി നേരിടുന്നത്. ഈ കമ്പനികൾ തങ്ങളുടെ 2026-ലെ സപ്ലൈ പ്ലാനുകൾ അതോറിറ്റിക്ക് മുൻപിൽ സമർപ്പിച്ച് ഔദ്യോഗിക അംഗീകാരം വാങ്ങിയാൽ മാത്രമേ ഇനി രാജ്യത്തേക്കുള്ള വാഹന ഇറക്കുമതി പുനരാരംഭിക്കാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.