കിസ്‌വയിൽ സുവർണാക്ഷരങ്ങളെഴുതിയ കാലിഗ്രഫർ ബുഖാരിയുടെ പൈതൃകത്തിന് അരനൂറ്റാണ്ട്‌

മക്ക: വിശുദ്ധ കഅ്ബയെ പുതപ്പിക്കുന്ന ‘കിസ്‌വ’യിൽ സ്വർണ നൂലുകളാൽ വിസ്മയം തീർത്ത പ്രശസ്ത കാലിഗ്രഫർ അബ്​ദുൽ റഹീം അമീൻ ബുഖാരിയുടെ പൈതൃകം അരനൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തി​െൻറ വിശിഷ്​ട സേവനങ്ങൾക്കുള്ള അംഗീകാരമായി, ഫൈസൽ രാജാവി​െൻറ ഭരണകാലത്താണ് ബുഖാരിയുടെ പേര് കിസ്‌വയിൽ ആലേഖനം ചെയ്യാൻ ഉത്തരവായത്. ആ പേര് ഇന്നും കിസ്‌വയിൽ തെളിഞ്ഞുനിൽക്കുന്നു.

അബ്​ദുൽ റഹീം അമിൻ ബുഖാരി കാലിഗ്രഫി എഴുത്തിൽ (ഫയൽ)

 

1917-ൽ മക്കയിൽ ജനിച്ച ബുഖാരി, ചെറുപ്പം മുതലേ അറബി കാലിഗ്രഫിയിൽ വലിയ അഭിരുചി പ്രകടിപ്പിച്ചിരുന്നു. 1927-ൽ അബ്​ദുൽ അസീസ് രാജാവ് സ്ഥാപിച്ച കിസ്‌വ ഫാക്ടറിയിൽ, കേവലം 15-ാം വയസ്സിലാണ് അദ്ദേഹം ചേരുന്നത്. പ്രഗത്ഭരിൽ നിന്ന് അറബി ലിപിയുടെ സൂക്ഷ്മശൈലികൾ അഭ്യസിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ 1930-കളിൽ ചീഫ് ടെക്‌നീഷ്യനായും 1960-കളിൽ ഫാക്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടറായും ഉയർന്നു.

 

കിസ്‌വയിലെ അലങ്കാരങ്ങൾ പരിഷ്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, കഅ്ബയുടെ വാതിലുകളിലെ ലിഖിതങ്ങൾ, എംബ്രോയിഡറി രൂപകൽപ്പന തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ രചനകളും നിർവഹിച്ചിട്ടുണ്ട്. 1944-ൽ അബ്​ദുൽ അസീസ് രാജാവ് നിർമിക്കാൻ ഉത്തരവിട്ട കഅ്ബയുടെ വാതിലി​െൻറ വരകളും അലങ്കാരങ്ങളും നിർവഹിച്ചത് ബുഖാരിയായിരുന്നു.

 

30 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 21 കിസ്‌വകളുടെ നിർമാണത്തിൽ നേരിട്ട് പങ്കാളിയാവുകയും, മൂന്ന് കഅ്ബ വാതിലുകളുടെ കാലിഗ്രഫിക്കും അലങ്കാരപ്പണികൾക്കും അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തു. ജീവിതം പൂർണമായും കഅ്ബയുടെ സേവനത്തിനായി മാറ്റിവെച്ച ഈ പ്രതിഭ 1990-ലാണ് അന്തരിച്ചത്. എങ്കിലും, കിസ്‌വയുടെ ഓരോ പുതിയ നിർമ്മാണത്തിലും അദ്ദേഹത്തി​െൻറ പൈതൃകം ഇന്നും മങ്ങാതെ ബാക്കിനിൽക്കുന്നു.

Tags:    
News Summary - The 50-year legacy of Bukhari: The calligrapher behind the golden inscriptions of the Kiswah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.