പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘ജനാധിപത്യ ഇന്ത്യ: വെല്ലുവിളികളും പ്രതീക്ഷകളും’
ചർച്ചാസംഗമത്തിൽ സെക്രട്ടറി ഷഹനാസ് സാഹിൽ സംസാരിക്കുന്നു
റിയാദ്: രാജ്യത്തിന്റെ ഭരണഘടനാ തത്ത്വങ്ങളും ഫെഡറൽ സംവിധാനങ്ങളും തകർക്കുന്ന കാലത്തെ സ്വാതന്ത്ര്യദിനമാണ് നാം ആഘോഷിക്കുന്നതെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ മാത്രമല്ല, രാജ്യത്തെതന്നെയും സംരക്ഷിക്കാൻ തെരുവുകൾ ശബ്ദമുഖരിതമാകണമെന്നും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചർച്ചാസംഗമം അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ബത്ഹ അപ്പോളോ ഡിമറോ ഹോട്ടലിൽ നടന്ന ‘ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകൾ, വെല്ലുവിളികൾ’ ചർച്ചാസംഗമത്തിൽ ജനറൽ സെക്രട്ടറി ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. പ്രവാസി നാഷനൽ പ്രസിഡൻറ് സാജു ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഹനാസ് സാഹിൽ വിഷയം അവതരിപ്പിച്ചു.
ഇന്ത്യൻ ജനാധിപത്യം ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ’മായി തരംതാണിരിക്കുന്നുവെന്നും ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകളെന്നും അവർ പറഞ്ഞു. പാഠപുസ്തകങ്ങൾ തൊട്ട് ലൈബ്രറികളിൽ വരെ ഇതിന്റെ പ്രതിഫലനങ്ങളാണ് നടക്കുന്നതെന്നും ഷഹനാസ് പറഞ്ഞു. മാധ്യമപ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, നജിം കൊച്ചുകലുങ്ക്, പ്രവാസി വെൽഫെയർ നാഷനൽ കമ്മിറ്റി അംഗം സലീം മാഹി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഭൂരിപക്ഷ ജാതീയത ഇളക്കിവിട്ട് അധികാരത്തിലെത്താനുള്ള തന്ത്രമാണ് ബി.ജെ.പി വീണ്ടും പയറ്റുന്നതെന്നും ‘ഇന്ത്യ’യെന്ന പ്രതിപക്ഷ മുന്നണിയും രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയും നേരിയ പ്രതീക്ഷയാണെന്നും ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണെന്നും മണിപ്പൂർ, ഹരിയാന കലാപങ്ങളുടെ മറവിൽ ചർച്ചകൾ കൂടാതെ ബില്ലുകൾ ചുട്ടെടുത്ത് ഹിന്ദുത്വ അജണ്ട എളുപ്പത്തിൽ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാറെന്നും നജിം കൊച്ചുകലുങ്ക് പറഞ്ഞു.
ശമീം ആലുവ ‘ചൂണ്ടുവിരത്തല പന്തങ്ങൾ’ എന്ന കവിത ആലപിച്ചു. സി.സി അംഗങ്ങളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു. അഫ്സൽ ഹുസൈൻ, അഷ്കറലി മാസ്റ്റർ, ഫൈസൽ കൊല്ലം, ഇസ്ഹാഖ് ഇബ്രാഹിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.