മക്കയിൽ ഇന്ത്യൻ ഹാജിമാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക ഓഫിസ്

ഇന്ത്യൻ ഹാജിമാർക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ

മക്ക: ഇത്തവണത്തെ ഹജ്ജിനെത്തിയ ഇന്ത്യൻ തീർഥാടകരുടെ മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കാനായി മക്കയിൽ പ്രത്യേക കേന്ദ്രം. മക്ക മസ്ജിദുല്‍ ഹറാമില്‍ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഖുദായി പാർക്കിങ്ങിന് അല്പമകലെ ജബൽ സൗർ ബ്രാഞ്ച് റോഡിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രമായ അസീസിയയിലെ 'മഹത്വത്തിൽ ബാങ്കി'ലായിരുന്നു നേരത്തെ ഹജ്ജ് മിഷൻ ഓഫിസ് പ്രവർത്തിച്ചിരുന്നത്. അത് ഒഴിവാക്കിയാണ് ഹജ്ജ് മിഷൻ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ ഓഫിസ് ഒരുക്കിയത്. വിപുലമായ സൗകര്യങ്ങളോടെ ബഹുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഹാജിമാരുടെയും സേവനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുകയാണ് ഈ ഓഫിസ്. ഇന്ത്യൻ ഹജ്ജ് മിഷനും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കും കീഴിലായി ആകെ 79,237 ഹാജിമാരാണ് ഇന്ത്യയിൽനിന്നും ഇത്തവണ ഹജ്ജിന് എത്തുന്നത്. ഇവരുടെ മുഴുവന്‍ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം ഈ ഓഫിസിൽനിന്ന് ലഭിക്കും. 



ഹജ്ജിന് മൂന്ന് മാസം മുമ്പാരംഭിച്ചതാണ് തിരക്ക്. ഹജ്ജിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ തകൃതിയായ പ്രവർത്തനങ്ങളിലാണ് ഓഫിസിലെ ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും. ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലമാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്. നിരവധി വർഷത്തെ ഹജ്ജ് പരിചയമുണ്ട് ഇദ്ദേഹത്തിന്. കോണ്‍സുല്‍ ഹജ്ജ് എന്ന പ്രത്യേക തസ്തിക തന്നെയുണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍. വൈ. സാബിര്‍ ആണ് ഹജ്ജ് കോണ്‍സുല്‍. ഹൈടെക്ക് രീതിയിൽ ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ വലിയ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചാണ് സേവനങ്ങൾ ക്രമീകരിക്കുന്നത്. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററാണ് സേവന കേന്ദ്രത്തിലെ പ്രധാന പ്രത്യേകത. ഹാജിമാർക്ക് വാട്സ് ആപ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും ബന്ധപ്പെടാന്‍ പ്രത്യേക ഓഫിസ് തന്നെ ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. കോഡിനേഷൻ സെൽ, ബിൽഡിങ് സെൽ, ജനറൽ വെൽഫെയർ സെൽ, ട്രാൻസ്പോർട്ടേഷൻ എന്നിവക്കും വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്നു.

കോണ്‍സുല്‍, ഹജ്ജ് കോണ്‍സല്‍ എന്നിവരുടെ ഓഫിസും ഇവിടെ ഉണ്ട്. ഇന്ത്യയില്‍ നിന്നും ഹജ്ജ് സംഘങ്ങളുമായി എത്തുന്ന 400ഓളം വരുന്ന ഖാദിമുല്‍ ഹുജാജുമാരെയും (നാട്ടിൽ നിന്നും വരുന്ന വളന്റിയർമാർ) നിയന്ത്രിക്കുന്നത് ഇവിടെയാണ്. മഹറമില്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേകമാണ് സൗകര്യങ്ങള്‍. പുറമെ, ഹറമിലെ സേവനം, കാണാതായവര്‍ക്കായുള്ള സഹായം, ബാഗേജ് നഷ്ടം എന്നിവക്കായി പ്രത്യേകം വിഭാഗങ്ങളുണ്ട്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ വന്നവർക്കായി പ്രത്യേക ഡെസ്കും ഈ ഓഫിസിൽ പ്രവർത്തിക്കുന്നുണ്ട്. 8002477786 എന്ന ടോൾ ഫ്രീ നമ്പറിൽ തീർഥാടകർക്ക് എല്ലാ സഹായത്തിനും സേവനത്തിനും ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Special office for Indian Hajj pilgrims in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.