റിയാദ്: സൗദിയുടെ റെയിൽ ഗതാഗത മേഖല 2025ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി (ജി.ടി.എ) അറിയിച്ചു. കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്തെ ട്രെയിൻ സർവിസുകൾ ഉപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണം 3.9 കോടി കവിഞ്ഞു. ആകെ യാത്രക്കാരിൽ 2.52 കോടിയിലധികം പേരും തലസ്ഥാന നഗരിയിലെ റിയാദ് മെട്രോ വഴിയാണ് സഞ്ചരിച്ചത്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര റെയിൽ ഗതാഗത മേഖലയിൽ 27 ലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചതായി അതോറിറ്റി വ്യക്തമാക്കി. ഇതിൽ ഹറമൈൻ ഹൈ സ്പീഡ് റെയിലിൽ മാത്രം 20.7 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്നത് ആവശ്യകതയിലെ വലിയ വർധനയെ സൂചിപ്പിക്കുന്നു.
നോർത്തേൺ റെയിൽവേ ശൃംഖല (എസ്.എ.ആർ.) വഴി 2.51 ലക്ഷം പേരും ഈസ്റ്റേൺ റെയിൽവേ ശൃംഖല വഴി 3.78 ലക്ഷം പേരും യാത്ര ചെയ്തു. കഴിഞ്ഞ മാസങ്ങളിലുണ്ടായ ഗതാഗത ആവശ്യകതയുടെ ശക്തമായ വളർച്ചയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്. നഗരങ്ങൾക്കുള്ളിലെ ട്രെയിൻ സർവിസുകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത്. 3.63 കോടിയിലധികം യാത്രക്കാരാണ് ഇൻട്രാ സിറ്റി ട്രെയിനുകൾ ആശ്രയിച്ചത്. 2.52 കോടി യാത്രക്കാരുമായി റിയാദ് മെട്രോ ഇതിൽ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ഷട്ടിലിൽ 1.02 കോടിയിലധികം യാത്രക്കാർ സഞ്ചരിച്ചു.
റിയാദിലെ പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റിയിലെ ഓട്ടോമേറ്റഡ് ഷട്ടിലിൽ 9.67 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. ചരക്കുഗതാഗത മേഖലയിലും ഈ കാലയളവിൽ റെയിൽവേ നിർണായക പങ്ക് വഹിച്ചു. 40.9 ലക്ഷം ടണിലധികം ചരക്കുകളും 2.27 ലക്ഷത്തിലധികം കണ്ടെയ്നറുകളും റെയിൽ മാർഗം കയറ്റി അയച്ചു.ഇത് സൗദി സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും, പ്രത്യേകിച്ച് വ്യാവസായിക, ഖനന മേഖലകളിലെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ട്രെയിനുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ എടുത്തുകാണിക്കുന്നു. യാത്രക്കാർക്കും ചരക്കുകൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗത മാർഗം ഒരുക്കുന്നതിലൂടെ കാർബൺ ബഹിർഗമനം കുറക്കുന്നതിനും റെയിൽ ഗതാഗതം സംഭാവന ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.