സൗദിയയും എയർ ഇന്ത്യയും കൈകോർക്കുന്നു; യാത്രക്കാർക്ക് ഇനി ഒരൊറ്റ ടിക്കറ്റിൽ ഇരുരാജ്യങ്ങളിലേക്കും പറക്കാം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയും (സൗദി എയർലൈൻസ്) ഇന്ത്യയുടെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യയും പുതിയ കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. അടുത്ത ഫെബ്രുവരി മുതൽ കരാർ പ്രാബല്യത്തിൽ വരും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിനും വിനോദസഞ്ചാര-ബിസിനസ് മേഖലകളിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുമാണ് ഈ പുതിയ സഹകരണം.

യാത്രക്കാർക്ക്​ വലിയ നേട്ടം

ഈ കരാർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് നിരവധി പ്രയോജനങ്ങൾ ലഭിക്കും. ഏകീകൃത ടിക്കറ്റിങ്​ ആണ്​ ഒന്ന്​. സൗദിയയുടെയോ എയർ ഇന്ത്യയുടെയോ പക്കൽ നിന്ന് എടുക്കുന്ന ഒരൊറ്റ ടിക്കറ്റിലൂടെ ഇരു വിമാനക്കമ്പനികളുടെയും സർവിസുകൾ ഉപയോഗിക്കാം.

ലഗേജ് സൗകര്യമാണ്​ മറ്റൊന്ന്​. അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജുകൾ നേരിട്ട് എത്തുന്നതിനാൽ കണക്റ്റിങ് ഫ്ലൈറ്റുകളിൽ വീണ്ടും ചെക്ക്-ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാകും. തടസ്സമില്ലാത്ത യാത്രയാണ്​ ഏറ്റവും പ്രധാനം. റിസർവേഷനും ടിക്കറ്റിങ്ങും വേഗത്തിലാകുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ കണക്റ്റിങ് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും.

വിപുലമായ കണക്റ്റിവിറ്റി

സൗദിയ യാത്രക്കാർക്ക് മുംബൈ, ഡൽഹി എന്നിവ പ്രധാന കേന്ദ്രങ്ങളാക്കി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാം. കൊച്ചി, ബംഗളൂരു, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്‌നൗ, ജയ്പൂർ തുടങ്ങി പതിനഞ്ചിലധികം നഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മറുഭാഗത്ത്, എയർ ഇന്ത്യ യാത്രക്കാർക്ക് റിയാദ്, ജിദ്ദ വഴി സൗദിയിലെ ആഭ്യന്തര നഗരങ്ങളായ ദമ്മാം, അബ്ഹ, ഖസീം, ജിസാൻ, മദീന, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാനാകും. ഈ വർഷം അവസാനത്തോടെ അന്താരാഷ്​ട്ര റൂട്ടുകളിലേക്കും ഈ സഹകരണം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

‘സൗദിയയ്ക്ക് ഇന്ത്യയുമായി 60 വർഷത്തെ ചരിത്രപരമായ ബന്ധമുണ്ട്. എയർ ഇന്ത്യയുമായുള്ള ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും’ -സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ പറഞ്ഞു.

‘മിഡിൽ ഈസ്​റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് സൗദി അറേബ്യ. സൗദിയിലെ വിശാലമായ ഇന്ത്യൻ സമൂഹത്തിന് ഈ കരാർ മികച്ച യാത്രാനുഭവം നൽകുമെന്ന്​ എയർ ഇന്ത്യ സി.ഇ.ഒ. കാംബെൽ വിൽസണും അഭിപ്രായപ്പെട്ടു. ഈ സഹകരണം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗദിയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും സൗദിയിലുള്ള പ്രവാസികൾക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനും ഏറെ സഹായകമാകും.

Tags:    
News Summary - Soudi air india tie up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.