കാമ്പയിൻ ലഘുലേഖ മുസ്തഫ തന്‍വീര്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് കബീർ
സലഫിക്ക് കൈമാറുന്നു
ജുബൈൽ: കേവലം മതവിശ്വാസിയാകുക എന്നതിനപ്പുറം ദൈവത്തെ യഥാവിധം അറിഞ്ഞ് മതവിശ്വാസിയാകുക എന്നതാണ് മനുഷ്യധിഷണക്ക് ഉചിതമെന്ന് പ്രമുഖ ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ മുസ്തഫ തന്‍വീര്‍. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ യുവജനവിഭാഗമായ ഐ.എസ്.എം ജുബൈല്‍ സംഘടിപ്പിക്കുന്ന ‘എന്റെ പടച്ചോന്’ എന്ന സോഷ്യല്‍ മീഡിയ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ മുഴുവന്‍ ഒരേ ചരടില്‍ കോര്‍ത്തുനിര്‍ത്തുന്ന ആദര്‍ശമെന്ന നിലയ്ക്കാണ് ഇസ്ലാം ഏകദൈവവിശ്വാസത്തെ പഠിപ്പിക്കുന്നത്. തന്റെ സ്രഷ്ടാവിനെ ബോധ്യപ്പെടുമ്പോള്‍ ജീവിതത്തിന് ലക്ഷ്യമുണ്ടാകും. ദൈവിക കല്പനകളെ ഹൃദയപൂർവം ഉള്‍ക്കൊള്ളുമ്പോളാണ് സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ഉത്തരവാദിത്തങ്ങളെ കലവറയില്ലാതെ നിര്‍വഹിക്കാന്‍ മനുഷ്യന് സാധ്യമാകുക.
നിലവില്‍ സാർവത്രികമായിക്കൊണ്ടിരിക്കുന്ന ലിബറല്‍ ചിന്തകളും മതനിരാസ പ്രൊപഗണ്ടകളും പുതിയ തലമുറയെ നാശഗര്‍ത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ജീവിതത്തെ കണിശമായി നിരീക്ഷിക്കുകയും നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രപഞ്ച സ്രഷ്ടാവിനെ പ്രമാണബദ്ധമായി പരിചയപ്പെടുത്തുമ്പോഴാണ് മനുഷ്യധിഷണക്ക് ദൈവാസ്ഥ്യക്യത്തെ ഉള്‍ക്കൊള്ളാനും ദൈവികനിയമങ്ങള്ക്കനുസൃതമായി ജീവിതത്തെ നിയന്ത്രിക്കാനും മനുഷ്യര്ക്കാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിൻ കാലയളവില്‍ നടക്കുന്ന പരിപാടികളെ ജാസിം റഷീദ് പെരിന്തല്‍മണ്ണ പരിചയപ്പെടുത്തി. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള റീല്‍സ്, പോസ്റ്റര്‍, പാംലെറ്റ്സ് മെസ്സേജിങ്ങുകള്, അഭിമുഖങ്ങള്‍, പ്രസന്റേഷനുകള്‍ തുടങ്ങിയവ കാമ്പയിനിന്റെ ഭാഗമായി നടക്കുന്നതാണ്. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മുഹമ്മദ് കബീര്‍ സലഫി, വൈസ് പ്രസിഡന്റ് നിസാറുദ്ദീന്‍ ഉമര്‍, എല്‍.ടി.ക്യു കോഡിനേറ്റര്‍ സിദ്ദീഖ് കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നസ്വീഫ് ബിൻ കബീര്‍, അഹ്മദ് അന്‍സഹ്, ഷാദില്‍ കോഴിക്കോട്, റാമിസ് നിസാര്‍, അബ്ദുറഊഫ് വയനാട്, അമീൻ ഫറൂക്ക്, ദാനിഷ് കോഴിക്കോട്, സുഹൈൽ ആലപ്പുഴ, ഷംസുദ്ദീൻ കോഴിക്കോട്, ജാബിർ വയനാട്, ഫവാസ് പാലത്ത്, അബ്ദുസ്സലാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. അംജദ് അശ്റഫ് സ്വാഗതവും നിയാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.