ജനസേവനത്തിന് പി.വി. ഹസൻ സിദ്ദീഖ് ബാബു മീഡിയവണ്‍ ബ്രേവ്ഹാർട്ട് പുരസ്കാരം സ്വീകരിക്കുന്നു
ജിദ്ദ: ജീവകാരണ്യ പ്രവര്‍ത്തകനും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യവുമായ പി.വി. ഹസൻ സിദ്ദീഖ് ബാബു എന്ന 'നഹ്ദി ബാബുക്ക' പ്രവാസത്തിന് വിരാമം കുറിക്കുന്നു. ഒരായുഷ്കാലത്തില്‍ അപൂർവം ചിലര്‍ക്ക് മാത്രം ചെയ്തുതീര്ക്കാന് സൗഭാഗ്യം ലഭിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് 40 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അദ്ദേഹം ജിദ്ദയോട് വിടപറയുന്നത്. ഭിന്നശേഷിക്കാരായ കാഴ്ച നഷ്ടപ്പെട്ടവരുടെ ഉന്നമനത്തിനായി ഗ്ലോബൽ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ബ്ലൈൻഡിന് കീഴില്‍ സൗദിയിലെ നഹ്ദി ഫാര്‍മസിയുടെ സഹായത്തോടെ ബ്രെയ്ലി പ്രസ് സ്ഥാപിച്ചത് അദ്ദേഹത്തിെൻറ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു. ഖുര്‍ആന്‍ പരിഭാഷ ഉള്‍പ്പടെ നിരവധി മലയാള ക്ലാസിക് കൃതികള്‍ െബ്രയിൽ ലിപിയിലേക്ക് ഈ സംരംഭത്തിലൂടെ മാറ്റാൻ കഴിഞ്ഞെന്ന് നഹ്ദി ബാബു പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററുകളില്‍ ഒന്നായ കൊണ്ടോട്ടി ഡയാലിസിസ് സെന്ററിന് തുടക്കം കുറിച്ചതും ഇദ്ദേഹമായിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം, പ്രവാസി മലയാളികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം, താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സഹായിച്ചത് തുടങ്ങി ജീവകാരുണ്യ മേഖലയില്‍ അദ്ദേഹത്തിെൻറ നിരവധി സംഭാവനകളുണ്ടായി. വിവിധ കേസുകളിൽ അനുകൂല വിധി വന്നിട്ടും സൗദി ജയിലുകളിൽനിന്ന് സാങ്കേതിക പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിയ 90 ഓളം ആളുകളെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന് നാട്ടിലെത്തിക്കാൻ കഴിഞ്ഞു.
കോവിഡ് കാലത്ത് ജനസേവന രംഗത്തെ സേവനം പരിഗണിച്ച് മീഡിയവണ്‍ ബ്രേവ്ഹാർട്ട് പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ.എം.സി.സി, ഒ.ഐ.സി.സി തുടങ്ങിയ സംഘടനകളും അദ്ദേഹത്തെ ഈയിടെ ആദരിച്ചിരുന്നു. നാട്ടിലെത്തിയാലും മത സാമൂഹിക രാഷ്ട്രീയ ജനസേവന രംഗത്ത് സജീവമായി നിലകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
1982 ലാണ് ആദ്യമായി ജിദ്ദയിലെത്തിയത്. ആദ്യ രണ്ടു വര്‍ഷം ഇന്ത്യന്‍ എംബസിയിലും പിന്നീട് രണ്ട് വര്‍ഷം മസ്ദ കാര്‍ കമ്പനിയിലും ജോലിചെയ്ത ശേഷം നഹ്ദി ഫാര്‍മസി ഗ്രൂപ്പിൽ അതിെൻറ ആരംഭത്തിൽ ആദ്യത്തെ ജോലിക്കാരനായി ചേർന്നു. സ്ഥാപന ഉടമ അബ്ദുല്ല ആമിര്‍ നഹ്ദിയുടെ കീഴിൽ ആദ്യത്തെ ജീവനക്കാരൻ. ഇന്ന് ഗൾഫിലാകെ പടർന്നുപന്തലിച്ച വലിയ ഫാർമസി ശൃംഖലയായി മാറി നഹ്ദി.
ജിദ്ദ കെ.എം.സി.സി മലപ്പുറം ജില്ല ചെയര്മാന്, ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ (മദീന റോഡ്) കമ്മിറ്റി വൈസ് പ്രസിഡന്റ്, വേള്‍ഡ് മലയാളി ഫെഡറേഷന് സ്ഥാപക ട്രഷറര്‍, ഗുഡ്വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവ് ട്രഷറര്‍, ഹജ്ജ് വെല്‍ഫയര്‍ കമ്മിറ്റി അംഗം, സി.എച്ച്. സെന്റർ, കൊണ്ടോട്ടി ഡയാലിസിസ് സെന്റർ കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ നിലവിൽ വഹിക്കുന്നു.
ഭാര്യ: കെ. ഖമറുന്നിസ. ഹാദിയ, ഹനൂസ, ഹുസ്ന എന്നിവര്‍ മക്കളും ഷാഹിന്‍, റമീസ് എന്നിവര്‍ മരുമക്കളുമാണ്. സൗദിയിലുടനീളം വലിയ സൗഹൃദവൃത്തത്തിെൻറ ഉടമയായ പി.വി. ഹസൻ സിദ്ദീഖ് ബാബുവിനെ 050 874 9164 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.