ഈ മാസം ആദ്യവാരം നടന്ന ഓപ്പൺ ഹൗസിൽ അംബാസഡർ ഒപ്പം ബന്ധപ്പെട്ട ഉദ്യോജസ്ഥരും പരാതി കേൾക്കുന്നു
ജനപ്രിയമായി ഓപ്പൺ ഹൗസ്: 29-ന് രണ്ടാം ഘട്ടം
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് വിവിധ വിഷയങ്ങളിൽ പരാതികൾ അറിയിക്കാനും പരിഹാരം തേടാനുമായി ഇന്ത്യൻ എംബസി ആരംഭിച്ച ഓപ്പൺ ഹൗസ് ജനകീയമാകുന്നു. ഈ മാസം ഒന്നിന് നടന്ന ഓപ്പൺ ഹൗസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ വിഷയങ്ങളിൽ പരാതിയുമായി ഇന്ത്യക്കാരെത്തിയിരുന്നു.
തൊഴിൽസ്ഥലങ്ങളിലെ തർക്കങ്ങൾ, വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിൽപരമായ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ, ഔദ്യോഗിക നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്താതെ നിയമക്കുരുക്കിലായവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി വിവിധ പരാതികളുമായാണ് ഇന്ത്യക്കാർ എത്തിയത്. എംബസി പരാതികൾ സ്വീകരിക്കുകയും സാധ്യമാകുന്ന വിഷയങ്ങളിൽ പരിഹാരത്തിനായി ഇടപെടുകയും ചെയ്യുന്നുണ്ട്.
ഒക്ടോബർ ഒന്നിന് ശേഷം ഈ മാസം തന്നെ വീണ്ടും, ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സിലുള്ള ഇന്ത്യൻ എംബസി പരിസരത്ത് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചിരിക്കുകയാണ്.
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന് തൊഴിൽപരമായും മറ്റ് മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ ഇടനിലക്കാരില്ലാതെ അംബാസഡറുടെയും എംബസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ നേരിട്ട് കൊണ്ടുവരാനുള്ള അവസരമാണ് ഓപ്പൺ ഹൗസിലൂടെ ലഭിക്കുന്നത്.
പ്രവാസികളുടെ പരാതികൾ കേൾക്കുന്നതിനും അവയുടെ പരിഹാരത്തിനായി ഇടപെടുന്നതിനും എംബസി ഒരുക്കുന്ന ഈ വേദി, സൗദിയിൽ തൊഴിൽമേഖലയിലുൾപ്പെടെ വിവിധ പ്രതിസന്ധികൾ നേരിടുന്ന നിരവധി പേർക്ക് പ്രതീക്ഷ നൽകുന്ന സംവിധാനമാണ്.
തൊഴിൽപരമായ തർക്കങ്ങൾ, സേവനവ്യവസ്ഥകളുമായി ബന്ധപ്പെട്ട ആശങ്കകൾ, വിവിധ കോൺസുലാർ വിഷയങ്ങൾ തുടങ്ങി പ്രവാസജീവിതത്തിൽ നേരിടേണ്ടിവരുന്ന പലതരം പ്രശ്നങ്ങളിൽ വ്യക്തമായ മാർഗനിർദേശവും സഹായവും തേടാൻ ഓപ്പൺ ഹൗസ് അവസരമൊരുക്കുന്നുണ്ട്.
ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്നറിയാതെ വിഷമിക്കുന്നവരുമുണ്ട്. ഭാഷാപരമായ പരിമിതികളും നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ചിലപ്പോൾ ഇത്തരം പ്രതിസന്ധികൾ കൂടുതൽ സങ്കീർണമാക്കുന്നു.
ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം പ്രശ്നങ്ങൾ എംബസി അധികൃതരുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനും തുടർനടപടികളെക്കുറിച്ച് മാർഗനിർദേശം തേടാനും കഴിയുന്ന അവസരമാണ് ഓപ്പൺ ഹൗസ്. ഒക്ടോബർ ഒന്നിന് നടന്ന ആദ്യ പരിപാടിയിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
പരാതിയുടെ സ്വഭാവമനുസരിച്ച് ബന്ധപ്പെട്ട സംവിധാനങ്ങളെ സമീപിക്കേണ്ട വിധം മനസ്സിലാക്കാനും സാധ്യമായ സഹായങ്ങളെക്കുറിച്ച് അറിയാനും ഈ കൂടിക്കാഴ്ച പ്രയോജനപ്പെട്ടതായി പങ്കെടുത്തവർ പറഞ്ഞു.
പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള അവസരം ലഭിക്കുന്നത് തന്നെ പ്രതിസന്ധിയിലായ പല പ്രവാസികൾക്കും ആശ്വാസമാണ്. തങ്ങളുടെ പരാതി കേൾക്കപ്പെടുന്നുവെന്നും പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ നേടാൻ കഴിയുന്നുവെന്നുമുള്ള ബോധ്യം പ്രവാസികൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അതേസമയം, ഓരോ പരാതിയുടെയും സ്വഭാവവും നിയമപരമായ സാഹചര്യങ്ങളും വ്യത്യസ്തമായതിനാൽ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ലഭിക്കണമെന്നില്ല. പ്രശ്നങ്ങൾ അവതരിപ്പിക്കാനും ആവശ്യമായ മാർഗനിർദേശവും ഇടപെടലും തേടാനുമുള്ള അവസരമായാണ് ഓപ്പൺ ഹൗസിനെ കാണേണ്ടതെന്നും എംബസിയുടെ ഈ ദൗത്യം അഭിനന്ദനീയമാണെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.
റിയാദിൽ മാത്രമല്ല, സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ സേവനങ്ങളും സഹായങ്ങളും ഏറെ പ്രധാനമാണ്. തൊഴിൽസ്ഥലങ്ങളിൽനിന്നും താമസകേന്ദ്രങ്ങളിൽനിന്നും അകലെയുള്ളവർക്ക് തങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ചിലപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകാം. അത്തരക്കാർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എംബസി അധികൃതരെ നേരിൽ കാണാനുള്ള അവസരം കൂടിയാണിത്.
പ്രത്യേകിച്ച്, ദീർഘകാലമായി പരിഹാരം കാത്തിരിക്കുന്ന പ്രശ്നങ്ങളുള്ളവർക്കും ഏത് ഔദ്യോഗിക സംവിധാനത്തെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമല്ലാത്തവർക്കും ആവശ്യമായ നിർദേശങ്ങൾ തേടാൻ ഓപ്പൺ ഹൗസ് സഹായകമാകും.
നേരത്തേ സംഘടിപ്പിച്ച ഓപ്പൺ ഹൗസിന് മികച്ച പ്രതികരണം ലഭിച്ചതും നിരവധി പ്രവാസികൾക്ക് അതിന്റെ പ്രയോജനം ലഭിച്ചതും ഇത്തരം വേദികളുടെ പ്രസക്തി വ്യക്തമാക്കുന്നു.
ഓപ്പൺ ഹൗസിന്റെ പ്രത്യേകത നേരിട്ടുള്ള ഇടപെടലിലാണ്. ഔദ്യോഗിക അറിയിപ്പുകളിലൂടെയോ പതിവ് ആശയവിനിമയ മാർഗങ്ങളിലൂടെയോ മാത്രം പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ പരാതിക്കാരനും ബന്ധപ്പെട്ട അധികൃതരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം സാധ്യമാകുന്നു. ഇതിലൂടെ പ്രശ്നങ്ങളുടെ പശ്ചാത്തലം വിശദീകരിക്കാനും ആവശ്യമായ രേഖകൾ സംബന്ധിച്ച് മാർഗനിർദേശം തേടാനും തുടർനടപടികളെക്കുറിച്ച് വ്യക്തത നേടാനും കഴിയും.
ഒക്ടോബർ 29 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സിലുള്ള ബി-1, റൗണ്ട്എബൗട്ട് 1-ലെ ഇന്ത്യൻ എംബസി പരിസരത്താണ് ഓപ്പൺ ഹൗസ് നടക്കുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് എംബസി അറിയിച്ചു.
രജിസ്ട്രേഷനുള്ള ഔദ്യോഗിക ലിങ്ക്:
അതേസമയം, പാസ്പോർട്ട് വിതരണം, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ പതിവ് കോൺസുലാർ സേവനങ്ങളും നിലവിലുള്ള അപേക്ഷകളുടെ സ്ഥിതിവിവരങ്ങൾ അന്വേഷിക്കുന്നതും ഈ ഓപ്പൺ ഹൗസിൽ ഉൾപ്പെടില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് പതിവ് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.