റിയാദിൽ മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച
എസ്.ഐ.ആർ ബോധവത്കരണ സംഗമം അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ നടക്കുന്ന എസ്.ഐ.ആർ വോട്ടർ പട്ടിക പരിഷ്കരണം ആശങ്കയുളവാക്കുന്നതാണെന്ന് മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ മുഖ്യധാര മുസ്ലിം സംഘടന ഭാരവാഹികൾക്കായി സംഘടിപ്പിച്ച ബോധവത്കരണസംഗമം കെ.എം.സി.സി സൗദി നാഷനൽ ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ബി.എൽ.ഒമാരെപ്പോലും സമ്മർദത്തിലാക്കുന്ന തരത്തിൽ ധിറുതിപിടിച്ച് നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നിൽ ഗൂഢമായ ഉദ്ദേശങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഷാഫി തുവ്വൂർ വിഷയാവതരണവും സംശയനിവാരണവും നടത്തി. കേരളത്തിലെ ഇലക്ഷൻ കമീഷണർക്ക് പോലും കൃത്യമായ ധാരണയില്ലാത്ത എസ്.ഐ.ആർ, സംശയം ജനിപ്പിക്കുന്നതാണെന്നും തൽക്കാലം വിവരങ്ങൾ നൽകി സഹകരിക്കുകയേ നിർവാഹമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ഉസ്മാൻ അലി പാലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. കൺവീനർ റഹ്മത്തെ ഇലാഹി നദ്‌വി സ്വാഗതം പറഞ്ഞു. ഖലീൽ അബ്ദുല്ല ഖിറാഅത്ത് നിർവഹിച്ചു. സദസ്സിന്റെ സംശയ നിവാരണത്തിനുശേഷം അഡ്വ. അബ്ദുൽ ജലീൽ സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.