സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന എ ഡിവിഷൻ മത്സരത്തിൽ നിന്ന്. (ഫോട്ടോ: നാസർ ശാന്തപുരം)

സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്: എ ഡിവിഷനിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സിക്ക് തകർപ്പൻ ജയം

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ എ ഡിവിഷനിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ മഹ്ജർ എഫ്.സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കരുത്തരായ എൻകംഫർട് എ.സി.സി എ ടീമിനെ തോൽപ്പിച്ചു. ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്‌വാൻ അലി, കൽക്കത്ത മുഹമ്മദൻസ് താരം അബ്ദുൽ ഹന്നാൻ, വയനാട് എഫ്.സി താരം രാഹുൽ, രിഫ്ഹാത് റംസാൻ തുടങ്ങി പ്രഗത്ഭ താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരന്നിരുന്നു.

സഹൽ അബ്ദുൽ സമദ്, റിസ്‌വാൻ അലി, രാഹുൽ എന്നിവരാണ് മഹ്ജർ എഫ്.സിക്ക് വേണ്ടി ഗോളുകൾ നേടിയത്. എ.സി.സിക്ക് വേണ്ടി മുഹമ്മദ് റഫീക്ക് ഒരു ഗോൾ തിരിച്ചടിച്ചു. റിസ്‌വാൻ അലിയുടെ നേതൃത്വത്തിൽ ആക്രമണ ഫുട്ബോൾ കളിച്ച മഹ്ജർ എഫ്.സിക്ക് വേണ്ടി പെനാൽറ്റി ബോക്സിനു തൊട്ടുമുന്നിൽ നിന്ന് സഹൽ നൽകിയ ഫ്രീ കിക്ക് റിസ്‌വാൻ വലയിലെത്തിച്ചാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം ഗോൾ രാഹുലും, വിജയമുറപ്പിച്ച മൂന്നാം ഗോൾ മികച്ച ഡ്രിബ്ലിംഗിലൂടെ സഹൽ അബ്ദുൽ സമദും നേടി. മത്സരത്തിലെ കേമനായി തിരഞ്ഞെടുത്ത മഹ്ജർ എഫ്.സി താരം രാഹുലിന് ഹിബ ഏഷ്യ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ കുഞ്ഞിയും, ബാൻ ബേക്കറി മാനേജിങ് ഡയറക്റ്റർ മുഹമ്മദ് ഖദ്ദാഫിയും ചേർന്ന് ട്രോഫി നൽകി. കളി കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നു.

ബി ഡിവിഷനിൽ സൈക്ലോൺ മൊബൈൽ അക്‌സെസ്സറിസ് ഐ.ടി സോക്കർ എഫ് സി, എച്ച്.എം.ആർ ജെ.എസ്‌.സി ഫാൽക്കൺ എഫ്.സി തൂവൽ, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി എന്നിവർക്ക് ജയം. ഐ.ടി സോക്കർ എഫ്.സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗ്ലോബ് ലോജിസ്റ്റിക്‌സ് ഫ്രൈഡേ എഫ്.സി ബി.സി.സിയെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി. ഷംസാദ്, മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് ജാസിർ, അർഷാദ് എന്നിവരാണ് ഐ.ടി സോക്കറിന് വേണ്ടി ഗോളുകൾ നേടിയത്.

പ്ലയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഐ.ടി സോക്കറിന്റെ മുഹമ്മദ് സഫ്‌വാന് ഇസ്മായിൽ മുണ്ടക്കുളം ട്രോഫി നൽകി. ഫാൽക്കൺ എഫ്.സി തൂവൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇ.എഫ്.എസ് ലോജിസ്റ്റിക് വൈ.സി.സി സാഗോ എഫ്.സിയെ പരാജയപ്പെടുത്തി. ഹാസിം അഹമ്മദ് (2), അൻവർ സാദത് (2) എന്നിവർ ഫാൽക്കൺ എഫ്.സിക്ക് വേണ്ടി ഗോളുകൾ നേടി. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഫാൽക്കൺ എഫ്.സിയുടെ അൻവർ സാദത്തിന് ഷഫീക് പട്ടാമ്പി, അയ്യൂബ് ബൈക്കർ എന്നിവർ സംയുക്തമായി ട്രോഫി നൽകി. എഫ്.സി കുവൈസയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് യാസ് എഫ്.സിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിനാജ്, അമൻ, ഫാസിൽ (2) എന്നിവരാണ് യാസ് എഫ്.സിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്‌തത്‌.

കളിയിലെ കേമനായി തിരഞ്ഞെടുത്ത യാസ് എഫ്.സിയുടെ ഫാസിലിന് സംവിധായകൻ ഷാഫി ഏപ്പിക്കാട് ട്രോഫി നൽകി. 17 വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിൽ ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമി പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ബി ടീമിനെ തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട റിസ്‌വാന്, അബ്ദുറഹിമാൻ അൽ മാലികി ട്രോഫി നൽകി. വി.പി മുഹമ്മദലി, അബ്ദുൽ നാഫി കുപ്പനത്ത്, മഡോണ മോനിച്ചൻ, ലത്തീഫ് കാപ്പുങ്ങൽ, മുജീബ്, ഹാരിസ് കുരിക്കൾ, അബ്ദുൽ ശുക്കൂർ, റാഫി ഏപ്പിക്കാട്, സൗഫർ, സീ.കെ, ഹക്കീം പാറക്കൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

Tags:    
News Summary - Sif Rabia Tea Champions League: Ban Bakery Mahjar FC secures a convincing win in Division A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.