ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ് ആവേശകരമായ ഘട്ടത്തിലേക്ക്. ഇന്ന് (വെള്ളി) വസീരിയ അൽ താവൂൻ സ്റ്റേഡിയത്തിൽ നടക്കുന്ന ബി ഡിവിഷൻ ആദ്യ ക്വാർട്ടർ ഫൈനലിൽ കരുത്തരായ അഹ്ദാബ് സ്കൂൾ ചാംസ് ന്യൂകാസിൽ എഫ്.സി, വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സിനെ നേരിടും. രാത്രി 10നാണ് ഈ സൂപ്പർ പോരാട്ടം.
ഗ്രൂപ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായാണ് ന്യൂകാസിൽ എഫ്.സി ക്വാർട്ടറിലെത്തിയത്. മുൻ മുഹമ്മദൻസ് താരം നിഷാദ് കുട്ടി, സംസ്ഥാന, ജില്ല താരങ്ങളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് നിബ്രാസ്, ജസീൽ എന്നിവർ ന്യൂകാസിലിനായി അണിനിരക്കും. മറുഭാഗത്ത്, ബി ഗ്രൂപ്പിലെ രണ്ട് വിജയങ്ങളുമായി രണ്ടാം സ്ഥാനക്കാരായാണ് ബി.എഫ്.സി ജിദ്ദ എത്തുന്നത്. ഐ ലീഗ് താരങ്ങളായ നവായിസ്, അമൻ തോട്ടശ്ശേരി, മുഹമ്മദ് അക്മൽ, ഹാഷിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ബി.എഫ്.സി ജിദ്ദക്കായി ബൂട്ടണിയും. ക്വാർട്ടർ പോരാട്ടങ്ങൾക്ക് മുന്നോടിയായി ബി ഡിവിഷനിലെ അവസാന ഗ്രൂപ് മത്സരങ്ങളും വെള്ളിയാഴ്ച നടക്കും.
രാത്രി ഏഴ് മണിക്ക് എം.എസ്.ഐ കോൾഡ് ചെയിൻ ടെക്നോളജി റെഡ്സീ ബ്ലാസ്റ്റേഴ്സ്, റബീഅ ടീ ബ്ലൂ സ്റ്റാർ എ ടീമുമായും 8:30 മണിക്ക് നജിം അമൻ യുനൈറ്റഡ് സ്പോർട്സ് ക്ലബ്, അൽ ഫിഫി ജിദ്ദ എഫ്.സി ടീമുമായും ഏറ്റുമുട്ടും.
വൈകീട്ട് അഞ്ചിന് ജൂനിയർ വിഭാഗമായ ഡി ഡിവിഷൻ സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ആദ്യ സെമിയിൽ ഗ്രീൻ ബോക്സ് ലോജിസ്റ്റിക്സ് ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി, പവർ സ്പോർട്ട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ടീമുമായി ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ഇ.എഫ്.എസ് ലോജിസ്റ്റിക്സ് ജെ.എസ്.സി സോക്കർ അക്കാദമിയും ലിങ്ക് ടെലികോം സോക്കർ ഫ്രീക്സ് ജൂനിയർ ടീമും മാറ്റുരക്കും. ജിദ്ദയിലെ കായിക പ്രേമികൾക്ക് ആവേശകരമായ ഒരു ഫുട്ബാൾ വിരുന്നായിരിക്കും ഇന്ന് സമ്മാനിക്കുക എന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.