ഷുഐബ് ഉം ഖസ്ർ വിനോദമേഖലയുടെ കാഴ്ചകൾ
റിയാദ്: തലസ്ഥാന നഗരിയുടെ പടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ‘ഷുഐബ് ഉം ഖസ്ർ’ പ്രകൃതിസൗന്ദര്യവും അത്യാധുനിക വിനോദസൗകര്യങ്ങളും സമന്വയിക്കുന്ന പ്രമുഖ പരിസ്ഥിതി കേന്ദ്രമായി ശ്രദ്ധനേടുന്നു. നഗരവൽക്കരണവും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന വികസനക്കാഴ്ചപ്പാടിെൻറ മികച്ച ഉദാഹരണമാണ് ഈ പദ്ധതി.
റിയാദ് നിവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായുള്ള വിശാലമായ തുറസ്സായ ഇടമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. അൽ ഉറൈജ അൽ വുസ്ത ജനവാസമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം, പ്രസിദ്ധമായ വാദി ഹനീഫ താഴ്‌വരയുടെ പ്രധാന സ്വാഭാവിക പോഷകനദീതടങ്ങളിലൊന്നാണ്. സൗദി സർക്കാരിെൻറ ‘ഗ്രീൻ റിയാദ്’ പദ്ധതിക്ക് കീഴിലാണ് പ്രദേശത്തിെൻറ പുനരുദ്ധാരണവും പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്.
ഉന്നത പരിസ്ഥിതി-എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ നിർമാണപ്രവർത്തനങ്ങൾ, പ്രദേശത്തിെൻറ സ്വാഭാവിക ഘടന സംരക്ഷിക്കുന്നതിനൊപ്പം നഗരസൗന്ദര്യം വർദ്ധിപ്പിക്കാനും കായിക-വിനോദ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കാനും സഹായിച്ചു.
നടത്തം, ജോഗിങ്, സൈക്ലിങ് എന്നിവയ്ക്കായി വിപുലമായ പ്രത്യേക പാതകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത സ്പോർട്സ് പാലമാണ് ഇവിടുത്തെ പ്രധാന ആകർഷണം. താഴ്‌വരയുടെ മനോഹരമായ പനോരമിക് കാഴ്ച സമ്മാനിക്കുന്ന ഈ പാലവും, രാത്രികാലങ്ങളിലെ ആകർഷകമായ ദീപാലങ്കാരങ്ങളും ഷുഐബിനെ ജനപ്രിയമായ ഒരു ഔട്ട്‌ഡോർ വിനോദകേന്ദ്രമാക്കി മാറ്റുന്നു.
പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ മരങ്ങളും സസ്യങ്ങളും വച്ചുപിടിപ്പിച്ച് പ്രകൃതിദത്ത അന്തരീക്ഷം നിലനിർത്തിയ ഇവിടെ, ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളും സ്വാഭാവിക ഭംഗി ഇരട്ടിയാക്കുന്നു. സന്ദർശകർക്കായി വിശ്രമ സങ്കേതങ്ങളും ശുചിമുറികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും വിപുലമായി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി സമയം ചെലവഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
പ്രകൃതിദത്ത താഴ്‌വരകളെ വിനിയോഗിച്ച് സുസ്ഥിര പരിസ്ഥിതി കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ റിയാദ് കൈവരിച്ച മുന്നേറ്റത്തിെൻറ മികച്ച മാതൃകയായി ഷുഐബ് ഉം ഖസ്ർ മാറിയിരിക്കുകയാണ്. നഗര നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, വിനോദാവസരങ്ങൾ വിപുലമാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണവും നഗരവികസനവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനും ഈ കേന്ദ്രം വലിയ പങ്കുവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.