ഇഹ്സാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ട്രസ്​റ്റി ബോർഡ്​ ചെയർമാനായി നിയമിതനായ സൗദി വാണിജ്യമന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽ ഖസബി

സൗദി ജീവകാരുണ്യ ധനസമാഹരണ പ്ലാറ്റ്​ഫോം ‘ഇഹ്സാൻ’ ഇനി സ്വതന്ത്ര സ്ഥാപനം

റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക ജീവകാരുണ്യ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ഇഹ്സാൻ’ ഇനിമുതൽ ഒരു സ്വതന്ത്ര ലാഭരഹിത സ്ഥാപനമായി പ്രവർത്തിക്കും. ‘ഇഹ്സാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ’ എന്ന് പുനർനാമകരണം ചെയ്ത സ്ഥാപനത്തി​െൻറ നടത്തിപ്പിനായി പുതിയ ട്രസ്​റ്റി ബോർഡ്​ രൂപവത്​കരിച്ച് സൽമാൻ രാജാവ്​ ഉത്തരവിട്ടു.

വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽ ഖസബിയാണ് ട്രസ്​റ്റി ബോർഡ് ചെയർമാൻ. തൊഴിൽ-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽ റാജ്ഹി വൈസ് ചെയർമാനായി പ്രവർത്തിക്കും. മൂന്ന് വർഷ കാലാവധിയുള്ള ഈ ഭരണസമിതിയിൽ ഡോ. അബ്​ദുല്ല ബിൻ ഷറഫ് അൽ ഗാംദി, ജനറൽ അതോറിറ്റി ഫോർ ഔഖാഫ് ഗവർണർ, എൻജി. അബ്​ദുർറഹ്​മാൻ ബിൻ ഇബ്രാഹിം അൽ റുവൈത്തി, അദീബ് ബിൻ അബ്​ദുല്ല അൽ സാമിൽ, അമീറ നൗഫ് ബിന്ത് മുഹമ്മദ് അൽ സൗദ്, ഡോ. അബ്​ദുർറഹ്​മാൻ ബിൻ അബ്​ദുൽ മുഹ്സിൻ അൽ ഖലഫ്, ഇമാദ് ബിൻ അബ്​ദുൽ ഖാദർ അൽ മുഹൈദിബ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

 

നേരത്തെ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിച്ചിരുന്ന ഇഹ്സാന്, സ്വതന്ത്ര സ്ഥാപന പദവി ലഭിച്ചതോടെ കൂടുതൽ അധികാരങ്ങളും ഭരണപരമായ സ്വാതന്ത്ര്യവും കൈവരും. രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, സഹായം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അർഹരായ ആളുകളുമായി നേരിട്ട് ബന്ധിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ, മറ്റ് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രാജ്യത്തെ ജീവകാരുണ്യ മേഖലയെ ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും.

സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയുടെ (സദായ) മേൽനോട്ടത്തിൽ 2021-ലാണ് ഇഹ്സാൻ പ്രവർത്തനം ആരംഭിച്ചത്. അർഹരായ വ്യക്തികളിലേക്ക് യാതൊരു കൃത്രിമത്വവുമില്ലാതെ സഹായങ്ങൾ എത്തുന്ന തരത്തിൽ കൃത്യമായ ഭരണസംവിധാനത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 44 കോടി തവണകളായി ഏകദേശം 1,700 കോടി സൗദി റിയാലിലധികം സംഭാവനയായി സമാഹരിക്കാൻ ഇഹ്സാന് സാധിച്ചു. ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഈ പ്ലാറ്റ്‌ഫോമിലുള്ള വലിയ വിശ്വാസമാണ് ഇത് കാണിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, ഭക്ഷണം, മതം, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിലെ അർഹരിലേക്കാണ് ഈ തുക എത്തിച്ചത്.

ഈ മാറ്റം സൗദിയുടെ ജീവകാരുണ്യ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പുതിയ ട്രസ്​റ്റി ബോർഡ് ചെയർമാൻ ഡോ. മാജിദ് അൽ ഖസബി പറഞ്ഞു. ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്ത സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി അറിയിച്ചു.

പുതിയ സ്വാതന്ത്ര്യവും അധികാരങ്ങളും ലഭിച്ചതോടെ നൂതനമായ സാങ്കേതികവിദ്യകളും ആശയങ്ങളും ഉപയോഗിച്ച് ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ സഹായങ്ങൾ നൽകാൻ സാധിക്കും. കൂടാതെ, സന്നദ്ധപ്രവർത്തനങ്ങളും ജീവകാരുണ്യ സംസ്കാരവും സമൂഹത്തിൽ വളർത്താനും ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്തുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Saudi charity fundraising platform Ihsan is now an independent entity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.