തിരുവനന്തപുരം വിമാനത്താവളം ‘സൗദി എയർലൈൻസി​െൻറ ‘പോയിൻറ്​ ഓഫ് കോൾ’ ആയി പ്രഖ്യാപിക്കണം; സൗദി പാസഞ്ചേഴ്സ് ഫോറം

റിയാദ്: തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെയും സൗദി പ്രവാസികളുടെ കടുത്ത യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തിരുവനന്തപുരം അന്താരാഷ്​ട്ര വിമാനത്താവളത്തെ സൗദി എയർലൈൻസി​െൻറ (സൗദിയ) ‘പോയിൻറ്​ ഓഫ് കോൾ’ ആയി അടിയന്തരമായി അനുവദിക്കണമെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, ശിവഗംഗ തുടങ്ങിയ ജില്ലകളിൽനിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാ ആവശ്യങ്ങൾക്കായി തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്നത്.

റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരത്തേക്ക് സൗദിയ നേരിട്ട് സർവിസ് നടത്തിയിരുന്നെങ്കിലും 2019-ൽ അത് നിർത്തലാക്കി. ഇതോടെ നേരിട്ടുള്ള സർവിസുകളില്ലാതെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെയോ മറ്റ് കണക്റ്റിങ് വിമാനങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നത് പ്രവാസികൾക്ക് കടുത്ത സമയനഷ്​ടവും അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.

30 ദിവസം മുതൽ 45 ദിവസം വരെ മാത്രം വാർഷിക അവധി ലഭിക്കുന്ന പ്രവാസികൾക്ക് യാത്രാവേളയിൽ നഷ്​ടപ്പെടുന്ന ഓരോ ദിവസവും വിലപ്പെട്ടതാണ്. കുടുംബസമേതം യാത്ര ചെയ്യുന്നവർ, പ്രായമായവർ, രോഗികൾ എന്നിവർക്കും നിലവിലെ സാഹചര്യം വലിയ പ്രയാസം സൃഷ്​ടിക്കുന്നു.

സൗദിയിലെ സർക്കാർ മേഖലയിലും പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഔദ്യോഗിക യാത്രകൾക്കായി സൗദി എയർലൈൻസ് ടിക്കറ്റുകളാണ് ലഭിക്കാറുള്ളത്. റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവിസ് പുനഃസ്ഥാപിച്ചാൽ ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അത് വലിയ ആശ്വാസമാകും.

ഈ ആവശ്യമുന്നയിച്ച് ഫോറം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും (ഗാക) വിവിധ ഘട്ടങ്ങളിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അഡ്വ. അടൂർ പ്രകാശ് എം.പിയുടെ ഇടപെടലിലൂടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകുകയും വിഷയം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും എം.പിമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയൻ എന്നിവർക്കും ഇരു സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികൾക്കും ഫോറം നിവേദനങ്ങൾ സമർപ്പിച്ചു.

റിയാദിലെ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഫോറം പ്രതിനിധികൾ വിശദമായ ചർച്ച നടത്തുകയും യാത്രാബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തുകയും ചെയ്തു. കൂടാതെ ഗാക അധികൃതരുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ, ഇന്ത്യാ ഗവൺമെൻറിൽനിന്ന് ആവശ്യമായ അനുമതി ലഭിച്ചാൽ തിരുവനന്തപുരത്തേക്ക് സർവീസ് നടത്താൻ തയാറാണെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കിയതായും ഫോറം അറിയിച്ചു.

നിലവിലുള്ള ഇന്ത്യ–സൗദി എയർ സർവീസ് കരാറി​െൻറ പരിധിയിൽ ആവശ്യമായ സീറ്റ് അവകാശം ലഭ്യമാണ്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് സൗദിയ സർവീസ് നടത്താൻ അനുമതിയുള്ള സാഹചര്യത്തിൽ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെയും അതേ പരിഗണനയിൽ ഉൾപ്പെടുത്തണം. മെട്രോ നഗരമല്ലെന്ന കാരണം പറഞ്ഞ് വിദേശ എയർലൈനുകൾക്ക് അനുമതി നിഷേധിക്കുന്ന നിലപാട് തിരുവനന്തപുരത്തി​െൻറ കാര്യത്തിൽ മാത്രം ബാധകമാക്കുന്നത് യുക്തിസഹമല്ല.

തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ നേരിട്ടുള്ള സർവീസ് ലഭിക്കുന്നത് പ്രവാസികൾക്ക് മാത്രമല്ല, ഇന്ത്യ–സൗദി വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കുടുംബബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്​ട്ര കണക്റ്റിവിറ്റിയും കാർഗോ സാധ്യതകളും വർധിപ്പിക്കുന്നതിനും സഹായകരമാകും.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഏകോപിപ്പിക്കുന്ന തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറത്തിന് 1,500-ലധികം അംഗങ്ങളുണ്ട്. റിയാദിന് പുറമെ ദമാം, ജിദ്ദ എന്നിവിടങ്ങളിലും ഫോറത്തിന് കോഓഡിനേറ്റർമാരുണ്ട്. യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകും വരെ പോരാട്ടം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ രക്ഷാധികാരി ഷഹാബ് കൊട്ടക്കാട്, ചെയർമാൻ ഡോ. അബ്​ദുൽ അസീസ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, എക്‌സിക്യൂട്ടീവ് അംഗം ഷാജു പത്തനാപുരം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Trivandrum Airport should be declared as a 'point of call' for Saudi Airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.