റിയാദ്: ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നും സൗദി അറേബ്യയിലേക്ക് കുറഞ്ഞ വിലക്ക് കാർഡ്ബോർഡുകൾ ഇറക്കുന്നത് തടയാൻ സൗദി ഫോറിൻ ട്രേഡ് അതോറിറ്റി അന്വേഷണം ആരംഭിച്ചു. സൗദിയിലെ പ്രാദേശിക വ്യവസായങ്ങളെയും കച്ചവടക്കാരെയും വിപണിയിലെ അനാവശ്യ മത്സരങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
ഒരു വശത്ത് ചാരനിറവും മറു വശത്ത് വെളുപ്പോ മറ്റ് നിറങ്ങളോ ഉള്ള, ഒന്നിനു മുകളിൽ ഒന്നായി പല പാളികളുള്ള (മൾട്ടി-ലെയർ) പേപ്പർ കാർഡ്ബോർഡുകൾക്കെതിരെയാണ് അന്വേഷണം. സാധാരണയായി സാധനങ്ങൾ പാക്ക് ചെയ്യുന്ന പെട്ടികളും മറ്റും നിർമിക്കാൻ ഉപയോഗിക്കുന്ന, ചതുരശ്ര മീറ്ററിന് 180 ഗ്രാം മുതൽ 500 ഗ്രാം വരെ ഭാരമുള്ള കാർഡ്ബോർഡുകളാണ് ഇവ.
2022 നവംബർ 23-ന് നിലവിൽ വന്ന അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ അനുസരിച്ചാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് വിധേയമായി, രാജ്യത്തെ വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കാനും അന്വേഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സൗദി ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡിന് പൂർണ അധികാരമുണ്ട്.
മറ്റ് രാജ്യങ്ങളിൽനിന്ന് നിർമാണച്ചെലവിലും കുറഞ്ഞ വിലക്കോ സബ്സിഡി ആനുകൂല്യങ്ങളോടെയോ ഉൽപ്പന്നങ്ങൾ സൗദിയിലേക്ക് തള്ളുന്നത് തടയുകയാണ് ഈ അന്വേഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശ ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റം മൂലം സൗദിയിലെ പ്രാദേശിക നിർമാതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാനും, വിദേശ വിപണികളിൽ പ്രതിസന്ധി നേരിടുന്ന സൗദി ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ആവശ്യമായ നിയമപരമായ സംരക്ഷണം നൽകാനും ഇത് സഹായിക്കും.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘ട്രേഡ് റെമഡീസ് അന്വേഷണ പ്ലാറ്റ്‌ഫോം’, ‘നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളുടെ വിവരങ്ങൾ’ എന്നീ പേജുകൾ വഴി വിവരങ്ങൾ ലഭ്യമാണെന്നും സൗദി ഫോറിൻ ട്രേഡ് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.