റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സിൽവർ വോളിബാൾ ടൂർണമെൻറ് 2026’ ഇന്ന് (വ്യാഴം) റിയാദിലെ സുലൈ അറബ്‌കോ ഗ്രൗണ്ടിൽ നടക്കും.
ആറ് വോളിബാൾ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻറ് പ്രവാസി കായികപ്രേമികൾക്ക് ആവേശകരമായ മത്സരവിരുന്നാകും. റിബൽസ് റിയാദ്, വിഎഫ്ആർ വോളി ഫ്രൻസ് റിയാദ്, സ്റ്റാർ റിയാദ്, അറബ്‌കോ ലോജസ്റ്റിക്, മംഗളൂർ സ്‌പോർട്സ് ക്ലബ്, എസ്.കെ.ജി എന്നീ ടീമുകളാണ് ടൂർണമെൻറിൽ അണിനിരക്കുന്നത്.
ഇന്ന് വൈകിട്ട് 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉദ്ഘാടനത്തിന് ശേഷം ലീഗ് അടിസ്ഥാനത്തിലുള്ള പോരാട്ടങ്ങൾ അരങ്ങേറും. ആദ്യദിനത്തിലെ മത്സരങ്ങൾക്ക് ശേഷം നാളെ (വെള്ളി) സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് കലാശപ്പോരാട്ടമായ ഫൈനലും നടക്കും.
സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടം ഏറെ വാശിയേറിയതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായികരംഗത്ത് പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച വോളിബാൾ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കായികമേളയിലേക്ക് റിയാദിലെ മുഴുവൻ കായികപ്രേമികളെയും പ്രവാസി സമൂഹത്തെയും സംഘാടകർ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.