യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ രാജ്യത്തെ താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ട് അനുസരിച്ച് ജൂലൈ 20 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിെൻറ കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും, റിയാദ് മേഖലയുടെ കിഴക്കൻ-തെക്കൻ ഭാഗങ്ങളിലും പരമാവധി താപനില 47 ഡിഗ്രി മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
അതേസമയം ജൂലൈ 22 വരെ മക്ക, മദീന, അൽ ഖസീം എന്നീ മേഖലകളിൽ താപനില 46 ഡിഗ്രി മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അധികൃതർ പ്രവചിക്കുന്നു. ചിലയിടങ്ങളിൽ അത്യുഷ്ണത്തോടൊപ്പം നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. തുറസ്സായ പ്രദേശങ്ങളിൽ ശക്തമായ കാറ്റും അതിനെത്തുടർന്ന് പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ യാത്രക്കാരും മറ്റും ജാഗ്രത പാലിക്കണം.
നിലവിലെ ഉഷ്ണതരംഗത്തിെൻറ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ഏറെ ജാഗ്രത കൈക്കൊള്ളണമെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. പകൽ സമയങ്ങളിൽ, പ്രത്യേകിച്ച് ചൂട് കൂടുന്ന വേളകളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പൂർണമായും ഒഴിവാക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതാണ്. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ വെയിൽ ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ കരുതണം. സൺഗ്ലാസ് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള മറ്റ് ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ ഓർമിപ്പിച്ചു.
അധികൃതർ പുറപ്പെടുവിക്കുന്ന ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കും കൃത്യമായ അപ്ഡേറ്റുകൾക്കുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിെൻറ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.