സൗദിയിൽ കാലാവസ്ഥാ മാറ്റം പ്രകടമാകുന്നു; താപനില കുറയുന്നു, ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

യാംബു: വേനൽക്കാലത്തിന്റെ അവസാനമായ സെപ്റ്റംബറിൽ സൗദി അറേബ്യയിലുടനീളം കാലാവസ്ഥാ മാറ്റം പ്രകടമായി തുടങ്ങി. വേനൽക്കാലം അവസാനിക്കുന്നതിന്റെയും, നവംബർ വരെ നീളുന്ന പരിവർത്തന കാലാവസ്ഥാ ഘട്ടത്തിന്റെ തുടക്കത്തിന്റെയും സൂചനയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. വരും ദിവസങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നജ്‌റാൻ, ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളുടെ ഉയർന്ന പ്രദേശങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ഇതിനുപുറമേ, പൊടിയും മണലും ഇളക്കിവിടുന്ന സജീവമായ കാറ്റിന്റെ ആഘാതം ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും, കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും ചില ഭാഗങ്ങളിലും തുടരും. ഈ പ്രതിഭാസം മക്ക, മദീന, തബൂക്ക് മേഖലകളുടെ ചില ഭാഗങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ ശരത്കാലത്തിന്റെ ആദ്യമാസവും, വേനലിൽ നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്റെ കാലയളവുമാണ്. ഈ ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ശരത്കാലത്തിന്റെ വരവ് ചൂടിൽ ഉടനടി കുറവുണ്ടാക്കില്ലെന്ന് ജ്യോതിശാസ്ത്ര നിരീക്ഷകനായ ബർജാസ് അൽ ഫുലൈഹ് വ്യക്തമാക്കി.

പകരം സീസൺ കാലാവസ്ഥയിൽ ചാഞ്ചാട്ടവും താപനിലയിൽ ക്രമേണയുള്ള മിതത്വവുമാണ് പ്രകടമാകുക. ഇത് നവംബറോടെ വ്യക്തമായ തണുപ്പിന്റെ സൂചന നൽകും. ചരിത്രപരമായി സെപ്റ്റംബർ രാജ്യത്തെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ നാലാമത്തെ മാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗദിയുടെ വിശാലമായ ഭൂമിശാസ്ത്രപരമായ വിസ്തൃതിയും വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാരണം, കാലാവസ്ഥ ശൈത്യകാലത്തേക്ക് മാറുന്നതിനാൽ സെപ്റ്റംബർ മാസത്തിന്റെ ആദ്യ പകുതിയിൽ കാലാവസ്ഥാ രീതികളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളും താപനിലയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Climate change is evident in Saudi Arabia Temperatures drop, possibility of rain in some places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.