ജിദ്ദ: സൗദിയിൽ ഭക്ഷണശാലകളിലും സൂപ്പർ മാർക്കറ്റുകളിലുമുള്ള ഏഴ് തൊഴിൽ മേഖലകളിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കും. സൂപ്പർവൈസർ, അക്കൗണ്ടിങ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവിസ്, കസ്റ്റമർ അക്കൗണ്ടന്റ് തസ്തികകളില്‍ 100 ശതമാനവും ബ്രാഞ്ച് മാനേജർ, അസി. ബ്രാഞ്ച് മാനേജർ, ഡിപ്പാർട്മെന്റ് മാനേജർ തസ്തികകളില്‍ 50 ശതമാനവും സ്വദേശിവത്കരണമാണ് നടപ്പാക്കുന്നത്.
300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള എല്ലാ കാറ്ററിങ് സ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപ്പർ മാർക്കറ്റുകള്ക്കുമാണ് സ്വദേശിവത്കരണം ബാധകമാവുക. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ബോഡി കെയർ ടൂളുകൾ, ഡിറ്റർജന്റുകൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കി വരുന്ന സ്വദേശിവത്കരണ പദ്ധതി ഒരു വർഷം മുമ്പാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചത്. 360 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമാണ് പദ്ധതിയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ആരംഭിക്കും. നിയമ ലംഘനം കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. പദ്ധതി നടപ്പാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.