മാധ്യമപ്രവർത്തകൻ എസ്.എ അജിംസിനെ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകർ സ്വീകരിക്കുന്നു.
ജിദ്ദ: മാധ്യമപ്രവർത്തനം ഒരു തൊഴിൽ മേഖല എന്ന നിലയിൽ മുമ്പത്തേക്കാൾ ഏറെ ദുഷ്കരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ‘മീഡിയവൺ’ സീനിയർ ന്യൂസ് എഡിറ്ററുമായ എസ്.എ. അജിംസ് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തെ കേവലം രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചുവരികയാണെന്നും, ഇത് മാധ്യമപ്രവർത്തകരിലുള്ള പൊതുജനവിശ്വാസം തകർക്കാൻ കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
നിലവിലെ സാഹചര്യത്തിൽ പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളേക്കാൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലാണ് മാധ്യമപ്രവർത്തകർക്ക് കൂടുതൽ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുന്നത്. മാധ്യമങ്ങളുടെ റേറ്റിങ് നിശ്ചയിക്കുന്നതിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സാന്നിധ്യം കൂടി പരിഗണിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതായാണ് വിവരം. അത്തരമൊരു നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസലോകത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മികച്ച രീതിയിൽ വാർത്താശേഖരണം നടത്തുന്ന പ്രവാസി മാധ്യമപ്രവർത്തകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. സൗദി അറേബ്യയിൽ നടന്നുവരുന്ന പുതിയ സാമൂഹിക മാറ്റങ്ങളും വികസന കുതിപ്പുകളും മാധ്യമപ്രവർത്തനത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷമാണ് ഒരുക്കുന്നതെന്ന് ചടങ്ങിൽ സംബന്ധിച്ച ജിദ്ദയിലെ മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു. മാധ്യമരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചുമുള്ള ഗൗരവകരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും സ്വീകരണ ചടങ്ങ് വേദിയായി.
മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലം (24 ന്യൂസ്) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), വഹീദ് സമാൻ (മലയാളം ന്യൂസ്), സാബിത് സലീം (മീഡിയവൺ), എ.എം. സജിത്ത് (പ്രവാസി പത്രം), കബീർ കൊണ്ടോട്ടി (തേജസ്), ഇബ്രാഹിം ഷംനാട് (ഗൾഫ് മാധ്യമം), സാലിഹ് (മലയാളം ന്യൂസ്), ഗഫൂർ മമ്പുറം (ദേശാഭിമാനി), അതിഥി അഷ്‌റഫ് തൂണേരി എന്നിവർ ചർച്ചയിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി (മീഡിയവൺ) സ്വാഗതവും ട്രഷറർ സുൽഫീക്കർ ഒതായി (അമൃത ന്യൂസ്) നന്ദിയും പറഞ്ഞു. ജിദ്ദയിൽ മീഡിയവൺ സംഘടിപ്പിച്ച ബിസിനസ് സംഗമമായ ‘ഫ്യൂച്ചർ സമ്മിറ്റി’ൽ സംബന്ധിക്കാനെത്തിയതായിരുന്നു എസ്.എ. അജിംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.