റിയാദ്: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യൻ എംബസി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് നൽകിയ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.
ഇന്ത്യയെന്ന കരുത്തുറ്റ റിപ്പബ്ലിക്കിനെ കൂടുതൽ ശക്തമാക്കുന്നതിൽ ഓരോ പൗരനും വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് രാഷ്ട്രപതിയെ ഉദ്ധരിച്ച് അംബാസഡർ പറഞ്ഞു. രാജ്യത്തിെൻറ വിവിധ മേഖലകളിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന വ്യക്തികളെയും വിഭാഗങ്ങളെയും അഭിനന്ദിക്കുന്നു. മാതൃരാജ്യത്തിന്‍റെ സംരക്ഷണത്തിനായി സദാ സജ്ജരായിരിക്കുന്ന മൂന്ന് സൈനിക വിഭാഗങ്ങളിലെയും വീരസൈനികർക്കും, ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന പൊലീസ്-കേന്ദ്ര സായുധ സേനാ ഉദ്യോഗസ്ഥർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തിെൻറ നട്ടെല്ലായ കർഷകർ ജനങ്ങൾക്കായി അന്നം ഉൽപ്പാദിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നു.
വിവിധ മേഖലകളിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്ന വനിതകൾ, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെയും രാഷ്ട്രപതി എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. ശുചിത്വ ഭാരതത്തിനായി പ്രയത്നിക്കുന്ന ശുചീകരണ തൊഴിലാളികൾ, വരുംതലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ, വികസനത്തിന് പുത്തൻ ദിശ നൽകുന്ന ശാസ്ത്രജ്ഞർ, എൻജിനീയർമാർ എന്നിവരും രാജ്യപുരോഗതിയുടെ ചാലകശക്തികളാണ്.
യുവാക്കളും കുട്ടികളും രാജ്യത്തിെൻറ ശോഭനമായ ഭാവിയിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നു. തൊഴിലാളികൾ രാഷ്ട്ര പുനർനിർമാണത്തിൽ സജീവ പങ്കാളികളാകുന്നു. കലാകാരന്മാരും എഴുത്തുകാരും പാരമ്പര്യത്തിന് ആധുനിക ഭാവം നൽകുന്നു. സംരംഭകർ രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ വൻതോതിൽ സംഭാവന ചെയ്യുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന പ്രവാസി ഇന്ത്യക്കാരെ പേരെടുത്ത് പറഞ്ഞ് രാഷ്ട്രപതി പ്രശംസിച്ചതായും അംബാസഡർ വ്യക്തമാക്കി. ബോധവന്മാരും സംവേദനക്ഷമതയുള്ളവരുമായ ഓരോ പൗരനുമാണ് റിപ്പബ്ലിക്കിെൻറ യഥാർത്ഥ കരുത്തെന്നും എല്ലാ സഹപൗരന്മാരോടുമുള്ള ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളും പ്രവാസി സമൂഹവും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസിക്കൽ, മോഡേൺ നൃത്തരൂപങ്ങളും ദേശഭക്തിഗാനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ഇന്ത്യയുടെ ദേശീയ ഗാനമായ ‘വന്ദേമാതര’ത്തിെൻറ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. വന്ദേമാതരത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന ഫോട്ടോ ബൂത്തും എംബസിയിൽ സജ്ജീകരിച്ചിരുന്നു. ചടങ്ങുകൾക്ക് ശേഷം അംബാസഡർ ഇന്ത്യൻ പ്രവാസികളുമായും പ്രാദേശിക മാധ്യമപ്രവർത്തകരുമായും സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.